ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി 

മനാമ:ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥിനി രുദ്ര രൂപേഷ് അയ്യർ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.  14 വർഷവും 9 മാസവും പ്രായമുള്ള വേളയിൽ  പാഠ്യേതര പ്രവർത്തനങ്ങളിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും നേടിയതിനാണ് രുദ്രക്ക്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. ഈ മിടുക്കി ഇതിനകം  140 സർട്ടിഫിക്കറ്റുകളും 68 ട്രോഫികളും 17 മെഡലുകളും  നേടിക്കഴിഞ്ഞു. ഇംഗ്ലീഷ് കവിതാ പാരായണം, ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്റ്റ്, കർണാടക സംഗീതം തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തതിനുള്ള മെഡലുകൾ രുദ്രക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദുസ്ഥാനി സംഗീതം, ഹിന്ദി കവിതാ പാരായണം, ശ്ലോക മന്ത്രങ്ങൾ (ഭഗവദ് ഗീതയും മറ്റ് ശ്ലോകങ്ങളും) എന്നിവയിലും  രുദ്ര തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ  ഇന്ത്യൻ സ്‌കൂൾ  തരംഗ് ഫിനാലെയിൽ 43 പോയിന്റും 3 എ ഗ്രേഡുകളുമായി  വിക്രം സാരാഭായ് ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് ഈ പെൺകുട്ടി  നേടിയിട്ടുണ്ട്. തരംഗിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ രുദ്ര  ഒന്നാം സമ്മാനവും, ഹിന്ദി കവിതാ പാരായണത്തിൽ രണ്ടാം സമ്മാനവും  കർണാടക സംഗീതത്തിലും മോണോ ആക്ടിലും ഇംഗ്ലീഷ് കവിതാ പാരായണത്തിലും  മൂന്നാം സമ്മാനവും  നേടിയിരുന്നു.
പാലക്കാട് സ്വദേശികളായ രൂപേഷ് സുന്ദർ വെങ്കിടാചലത്തിന്റെയും (ഫിനാൻഷ്യൽ കൺട്രോളർ) രാധിക രൂപേഷ് സുന്ദറിന്റെയും മകളാണ് രുദ്ര. 2014ൽ  ഇന്ത്യൻ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നതുമുതൽ, രുദ്ര ധാരാളം  പുസ്‌തകങ്ങൾ വായിക്കുന്നത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.    ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്   ദി കെയ്ൻ ക്രോണിക്കിൾസ്: ദി റെഡ് പിരമിഡ്  എന്ന പുസ്തകമാണ്.ഈ നേട്ടത്തെ കുറിച്ച്‌ രുദ്ര  രൂപേഷ് അയ്യർ പറയുന്നു: “ഈ സുന്ദര നിമിഷം ഹരിവംശ് റായ് ബച്ചന്റെ “കോശിഷ് കർണേ വാലോൻ കി കഭി ഹർ നഹി ഹോത്തി” എന്ന ഹിന്ദി കവിതയെ ഓർമ്മിപ്പിക്കുന്നു.  കവി ശരിയായി പറഞ്ഞതുപോലെ… വിജയത്തിന് കുറുക്കുവഴികളൊന്നുമില്ല .. വിജയത്തിലേക്കുള്ള ഏക മാർഗം  കഠിനാധ്വാനം മാത്രമാണ്. ഈ നേട്ടം  കൈവരിക്കാൻ എന്നെ സഹായിച്ചതിന്  കടപ്പെട്ടിരിക്കുന്നത്  മാതാപിതാക്കളുടേതാണ്. അവർ പറഞ്ഞുതന്ന  പ്രചോദനാത്മകമായ കഥകൾ എനിക്ക് എങ്ങനെ മറക്കാനാകും?   എന്റെ അധ്യാപകർക്കും  സുഹൃത്തുക്കൾക്കും  അഭ്യുദയകാംക്ഷികൾക്കും  ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. രുദ്രയുടെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞു: ”  രുദ്ര ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്  ഞങ്ങൾക്ക് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണ്. ഈ നാഴികക്കല്ല് നേടുന്നതിനും അവൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഞങ്ങൾ അവളുടെ എല്ലാ അധ്യാപകർക്കും  സർവ്വശക്തനും നന്ദി പറയുന്നു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്  നടരാജൻ,സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ രുദ്രയുടെ നേട്ടത്തെ അഭിനന്ദിച്ചു.