മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നൽകി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി തൻവി കൈമാറിയത്. മുടി ദാനം ചെയ്യുന്നതിലൂടെ ഒരു വിഗ് ആവശ്യമുള്ള കുട്ടികൾക്കും അതു ലഭിക്കും. ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തൻവി.
തൻവി പറയുന്നു: “ബഹ്‌റൈനിലെ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കൾ എന്നോട് പറഞ്ഞിരുന്നു. അവരെ പിന്തുണയ്ക്കാനും ലോകത്തെ അഭിമുഖീകരിക്കാൻ ആത്മവിശ്വാസം നൽകാനും ഈ അവസരം നൽകിയതിനും ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
ഇന്ത്യൻ പ്രവാസികളായ രാജേഷ് സനക ദശരഥയുടെയും (ഇന്റർകോൾ ഡിവിഷൻ മാനേജർ) സ്വാതി സനക നാഗയുടെയും മകളാണ് തൻവി. ഇളയ സഹോദരി സൻവി സനക നാഗ ഇന്ത്യൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെന്നൈയിൽ നിന്നുള്ള കുടുംബം ഇപ്പോൾ അദ്‌ലിയയിലാണ് താമസിക്കുന്നത്. 2018 മുതൽ തൻവി തന്റെ മുടി വളർത്തുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.
“മകൾ ചെറുപ്പത്തിൽ തന്നെ ഈ കാരുണ്യ പ്രവൃത്തി മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അത്തരം ഉദാത്തമായ കാരുണ്യപ്രവൃത്തികൾ പതിവായി ചെയ്യുന്ന ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുകയായിരുന്നു. ഇത്തരം സദ് പ്രവൃത്തികൾ ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചതിന് മാനേജ്മെന്റിന് നന്ദി പറയുന്നതായി മാതാപിതാക്കൾ പറഞ്ഞു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ തൻവിയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.