ബഹ്റൈൻ : യു.പി.പി റിഫയില്‍ സംഘടിപ്പിച്ച ഏരിയ മീറ്റിങ്ങില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുക്കുകയും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കളല്ലാത്തവരുടെ കുത്തഴിഞ്ഞ ഭരണത്തിലെ ആശങ്കകൾ പങ്കു വെക്കുകയും ചെയ്തു. പല മേഖലകളിലും കഴിവു തെളിയിക്കുകയും പ്രാവീണ്യം നേടിയവരുമായ ഒന്‍പതിനായിരത്തോളം രക്ഷിതാക്കള്‍ ഉണ്ടായിട്ടും പ്രവര്‍ത്തന ദിവസങ്ങളില്‍ ഒന്ന് സ്കൂളില്‍ തിരിഞ്ഞു നോക്കാന്‍ പോലും സമയമോ താല്പര്യമോ ഇല്ലാത്ത രക്ഷിതാക്കളല്ലാത്തവരുടെ ഏകാധിപത്യ ഭരണം തങ്ങളുടേയും കുട്ടികളുടേയും കാര്യത്തില്‍ മാത്രമല്ല സര്‍വ്വോപരി ഇന്ത്യന്‍ സ്കൂള്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കാവുന്ന രീതിയിലാണ് ഇന്ന് കാര്യങ്ങള്‍ നീങ്ങുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഫീസ് കുറക്കുമെന്നും കുട്ടികളെ ബുദ്ധി മുട്ടിച്ച് ഫെയര്‍ നടത്തില്ലെന്നും പറഞ്ഞ് അധികാരത്തിലെത്തിയവര്‍ രണ്ട് തവണ ഫീസ് കൂട്ടുകയും ഫെയര്‍ എന്ന പേരില്‍ ടിക്കറ്റ് വില്ക്കാന് അനധികൃതമായി കുട്ടികളെ തെരുവിലിക്കി ബുദ്ധിമുട്ടിക്കുകയുമാണ് ചെയ്തത് . രക്ഷിതാക്കളെ നിരന്തരം വിഡ്ഢികളാക്കി കൊണ്ട് ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്നും നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് തുറന്നു പറയാന്‍ പല രക്ഷിതാക്കള്‍ക്കും ഇന്ന് ഭയമാണ്. എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യുന്ന രകഷിതാക്കള്ക്കെതിരെ നിയമനടപടി എന്ന ഭരണസമിതിയുടെ ഭീഷണിയുള്ളത് കൊണ്ടാണ് പല രക്ഷിതാക്കളും ഈ കാര്യത്തില്‍ തികഞ്ഞ മൗനംപാലിക്കുന്നതെന്നും പല രക്ഷിതാക്കളും യോഗത്തില്‍ അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാന്‍ എബ്രഹാം ജോണ്‍, യു.പി.പി നേതാക്കളായ ബിജുജോര്‍ജ്ജ് ,സുരേഷ് സുബ്രമണ്യം, ഹാരിസ് പഴയങ്ങാടി, ഹരീഷ് നായര്‍, ജാവേദ് പാഷ, ജ്യോതിഷ് പണിക്കര്‍, സെയ്ത് ഹനീഫ്, ജോണ്‍ ബോസ്കോ, എബിതോമസ്, മോഹന്‍കുമാര്‍ നൂറനാട് , എന്നിവര്‍ സംസാരിച്ചു. എഫ്.എം. ഫൈസല്‍ സ്വാഗതവും, അന്‍വര്‍ ശൂരനാട്, നന്ദിയും പറഞ്ഞു. ജോണ്‍തരകന്‍, തോമസ് ഫിലിപ്പ്, ജോര്‍ജ്ജ്, ഇഖ്ബാല്‍ അജിജോര്‍ജ്ജ്,റിഷാദ്, എന്നിവര്‍ നേത്യത്വം നല്കി