മനാമ:ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ 1881 പോയിന്റുമായി സി വി രാമൻ ഹൗസ് റണ്ണേഴ്സ് അപ്പ് സ്ഥാനം നേടി. യുവജനോത്സവത്തിൽ 1855 പോയിന്റ് നേടിയ ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനവും 1649 പോയിന്റ് നേടി ജെ സി ബോസ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.വിക്രം സാരാഭായ് ഹൗസിന്റെ സി ലെവലിനെ പ്രതിനിധീകരിച്ച് 67 പോയിന്റോടെ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ മുരളീധരൻ കലാരത്ന കിരീടം നേടി. ആര്യഭട്ട ഹൗസിലെ സി ലെവലിൽ 59 പോയിന്റുമായി ഏഴാം ക്ലാസ് വിദ്യാർഥി ശശാങ്കിത് രൂപേഷ് അയ്യർക്കാണ് കലാശ്രീ പുരസ്കാരം. വിവിധ തലങ്ങളിലെ ഗ്രൂപ്പ് ചാമ്പ്യന്മാർ ഇവരാണ് : കൃഷ്ണ രാജീവൻ നായർ (ലെവൽ എ – 69 പോയിന്റ് – സി വി രാമൻ ഹൗസ്), അയന സുജി (ലെവൽ ബി – 46 പോയിന്റ് – ആര്യഭട്ട ഹൗസ്), ക്രിസ്വിൻ ബ്രാവിൻ (ലെവൽ സി – 44 പോയിന്റ് – വിഎസ്ബി ഹൗസ്), ആരാധ്യ സന്ദീപ് (ലെവൽ ഡി – 43 പോയിന്റ് – ആര്യഭട്ട ഹൗസ്).മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ഹൗസ് സ്റ്റാർ അവാർഡുകളും സമ്മാനിച്ചു: 56 പോയിന്റുമായി അരുൺ സുരേഷ് ആര്യഭട്ട ഹൗസിൽ ഹൗസ് സ്റ്റാർ അവാർഡ് നേടി. 49 പോയിന്റുമായി അക്ഷയ ബാലഗോപാൽ സിവി രാമൻ ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് നേടി. 34 പോയിന്റുമായി ആൽവിൻ കുഞ്ഞിപറമ്പത്ത് ജെ സി ബോസ് ഹൗസിൽ ഹൗസ് സ്റ്റാർ പുരസ്കാരം നേടി. 56 പോയിന്റുമായി രുദ്ര രൂപേഷ് അയ്യർ വിക്രം സാരാഭായ് ഹൗസിന് വേണ്ടി ഹൗസ് സ്റ്റാർ അവാർഡ് കരസ്ഥമാക്കി.ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ സമ്മാനിച്ചു. ക്രൗൺ ഇലക്ട്രോ മെക്കാനിക്കൽ സർവീസസ് മാനേജിങ് ഡയറക്ടർ എസ്.ഇനായദുള്ള മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സാമൂഹിക സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിൻസ് നടരാജൻ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപനവും കലാരത്ന, കലാശ്രീ, ഹൗസ് സ്റ്റാർ പുരസ്കാരങ്ങളും വിതരണം ചെയ്തു. സജി ആന്റണി നന്ദി പറഞ്ഞു. ചടങ്ങിൽ നാടോടിനൃത്തം, അറബിക് നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവയിൽ സമ്മാനാർഹമായ പ്രകടനങ്ങൾ നടന്നു. നേരത്തെ ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ പാരായണം, ദീപം തെളിക്കൽ, സ്കൂൾ പ്രാർത്ഥന എന്നിവ നടന്നു.120 ഇനങ്ങളിലായി 4000-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി വേറിട്ടുനിൽക്കുന്നു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമൻ ഹൗസുകളാണ് മത്സര രംഗത്തു ഉണ്ടായിരുന്നത്. സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പ്രശസ്തമായ കലാശ്രീ, കലാരത്ന അവാർഡുകൾക്കുള്ള യോഗ്യത കണക്കാക്കുന്നത്. ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണ സമിതി അംഗങ്ങൾ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അനുമോദിച്ചു.