ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി

മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി അനു ജെക്ഷിൽ സെൽവകുമാർ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.  പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല സൃഷ്ടി നടത്തിയാണ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ വിദ്യാർത്ഥിനി  ഇടം നേടിയത്. പാഴ്‌വസ്തുക്കളുപയോഗിച്ച് പൂച്ചട്ടികളും പൂക്കളും ചുമരിൽ തൂക്കിയിടുന്ന അലങ്കാരവസ്തുക്കളും   ഉൾപ്പെടെ 58 കരകൗശല  വസ്തുക്കളാണ് അനു നിർമ്മിച്ചത്. 12 വയസ്സുള്ള അനു ജെക്ഷിൽ ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ കാമ്പസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബഹ്‌റൈനിലെ  ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സെൽവ കുമാറിന്റെയും ശുഭ റാണിയുടെയും  മകളാണ്. കന്യാകുമാരിയാണ് സ്വദേശം.  2015ൽ ഇന്ത്യൻ സ്‌കൂളിൽ ചേർന്ന  അനു പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർഥിയുടെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു.