മസ്കറ്റ് : ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് സർവിസ് പുനരാരംഭിക്കുന്നത് പ്രവാസികൾക്ക്, പ്രത്യേകിച്ച് മധ്യ, തെക്കൻ കേരളത്തിൽനിന്നുള്ളവർക്ക് ആശ്വാസമാകും. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ നിർത്തിവെച്ച സർവിസുകൾ ഫെബ്രുവരി 16 മുതലാണ് പുനരാരംഭിക്കുന്നത്. പ്രതിദിന സർവീസിന്റെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം മുതൽ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.ഫെബ്രുവരി 16 മുതൽ മാർച്ച് 28 വരെ വിൻറർ ഷെഡ്യൂളിലും മാർച്ച് 29 മുതൽ സമ്മർ ഷെഡ്യൂളിലുമാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു ഷെഡ്യൂളിലും സമയ ക്രമത്തിൽ വ്യത്യാസമുണ്ട്. വിൻറർ ഷെഡ്യൂളിൽ കൊച്ചിയിൽനിന്ന് രാത്രി 11ന് പുറപ്പെട്ട് പുലർച്ചെ 1.25ന് മസ്കത്തിലെത്തും. തിരിച്ച് 2.25ന് പുറപ്പെട്ട് പുലർച്ചെ 7.30ന് കൊച്ചിയിലെത്തും. സമ്മർ ഷെഡ്യൂളിൽ രാത്രി 8.55നാണ് കൊച്ചിയിൽനിന്ന് വിമാനം പുറപ്പെടുക. രാത്രി 10.55ന് മസ്കത്തിൽ ലാൻഡ് ചെയ്യുന്ന വിമാനം തിരിച്ച് 11.55ന് പുറപ്പെട്ട് പുലർച്ചെ 5.05ന് കൊച്ചിയിലിറങ്ങും. മാർച്ച് 15 വരെ ഒരു വശത്തേക്ക് 43.2 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. 16ന് ഇത് 56.7 റിയാലായി ഉയരുന്നുണ്ട് .
ജെറ്റ് എയർവേസിന് പിന്നാലെ ഇൻഡിഗോയും കൊച്ചിയിലേക്കുള്ള സർവിസ് നിർത്തലാക്കിയതും, തിരുവന്തപുരത്തേക്കുള്ള ജെറ്റ് എയർ സർവീസ് നിർത്തലാക്കിയതും എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ കുത്തന്നെ വർധിപ്പിച്ചിരുന്നു. കൊച്ചിയിൽ ടികെറ്റ് നിരക്ക് കൂടിയതോടെ തിരുവന്തപുരത്തേക്ക് ഉള്ള ടിക്കറ്റുകൾ കുത്തനെ കൂടിയിരുന്നു.
ബജറ്റ് വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് മതിയെന്നതിനാൽ ചെറിയ ആവശ്യങ്ങൾക്കും ചെറിയ അവധിക്കുമൊക്കെ നാട്ടിൽ പോകുന്നത് സാധാരണക്കാരായ പ്രവാസികൾക്കാശ്വാസമായിരുന്നു. ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവിസ് ആരംഭിച്ചത് ചെറിയ ആശ്വാസമായിരുന്നു. കണ്ണൂരിലേക്കുള്ള സർവിസിന് കുറഞ്ഞ നിരക്ക് ആയിരുന്നതിനാൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള നിരവധി യാത്രക്കാർ കണ്ണൂരിനെ ആശ്രയിച്ചിരുന്നു. ഇൻഡിഗോ സർവിസ് പുനരാരംഭിക്കുന്നതോടെ കണ്ണൂരിലേക്കുള്ള ഇത്തരം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതഉണ്ട്. എന്തായാലും പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ സർവീസുകൾ എന്നാൽ മുൻപ് അപ്രതീക്ഷമായി ഇൻഡിഗോ സർവീസുകൾ മുന്നറിപ്പില്ലാതെ നിർത്തലാക്കിയപ്പോൾ നിരവധി പ്രവാസികൾ ആണ് ബുദ്ധിമുട്ടിലായത്.സ്കൂൾ അവധി കാലത്തേക്ക് മുൻപ് ടിക്കറ്റ് ബുക്ചെയ്ത് നാട്ടിൽ പോകാൻ കഴിയാതെ നിരവധിപേർ കുടുങ്ങുകയും,വലിയ തുക നൽകി മറ്റു വിമാനങ്ങളെ ശ്രയിക്കേണ്ടിവന്നവരും നിരവധി പേരാണ്.