മനാമ :ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ BACA, Soorya Stage and Film Society എന്നിവയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ BKS ഇൻഡോ-ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവൽ ബഹ്‌റൈൻ കേരളീയ സമാജം അഭിമാനത്തോടെ നിങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിയുടെ 75 ആം വർഷത്തിന്റെയും, BKS സ്ഥാപിതമായതിന്റെ 75 ആം വർഷത്തിന്റെയും, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 ആം വാർഷികത്തിന്റെയും സന്തോഷത്തെ, നൃത്ത സംഗീത ഉത്സവമാക്കി മാറ്റുകയാണ് ഈ പരിപാടിയിലൂടെ. കൾച്ചറൽ ഫെസ്റ്റ് മെയ് 3 ന് ആരംഭിച്ച് മെയ് 14 ന് സമാപിക്കും. സ്വതന്ത്ര ഇന്ത്യയുടെ 75 ആം വാർഷികാഘോഷ വേളയിൽ ഇന്ത്യൻ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയം നടത്തുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ കലാസംവിധായകനും ആസ്വാദകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന മെഗാ ഫെസ്റ്റിവൽ, വിവിധ കലാ പ്രതിഭകളുടെ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും മുമ്പെങ്ങുമില്ലാത്തവിധം ഗംഭീരമായ സാംസ്കാരിക അനുഭവം നൽകുകയും ചെയ്യും എന്ന് നിസ്സംശയം പറയാം.
ലോകപ്രശസ്ത സരോദ് ത്രയങ്ങളായ ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ്, ചലിക്കുന്ന വിരലുകൾ കൊണ്ട് ആളുകളെ ചലിപ്പിക്കുന്ന മനുഷ്യൻ രാജേഷ് വൈദ്യ, പ്രേക്ഷകരുടെ പ്രിയപ്പെട്ട കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സംഘവും മറ്റ് കലാകാരൻകാരും ഈ പരിപാടികളുടെ മാറ്റ് കൂട്ടുമെന്നുറപ്പാണ്.
BKS ഇൻഡോ-ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിൻറെ ആദ്യ ദിനമായ മെയ് 3-ന് അനൂപ് ജലോട്ടയുടെ ഗസൽ സംഗീത നിശയാണ് ഒരുക്കിയിട്ടുള്ളത്.
മെയ് 4 – ന് സുഗതകുമാരിയുടെ “കൃഷ്ണാ നീ എന്നെ അറിയില്ല” എന്ന ഗാനത്തെ ക്ലാസിക്കൽ നർത്തകി ആശാ ശരത് ഭാരതനാട്യത്തിലൂടെ അവതരിപ്പിക്കും.
സ്റ്റീഫൻ ദേവസ്സി, അദ്ദേഹത്തിന്റെ സംഘം ഉമയൽപുരം, ആറ്റുകാൽ ബാലസുബ്രഹ്മണ്യം, അമിത് നദിഗ് എന്നിവർ അണിനിരക്കുന്ന സംഗീത മായാജാലമാണ് മെയ് 5 – ന് സദസ്സിലേക്കൊഴുകിയെത്തുക.
പ്രശസ്ത വയലിൻ ജോഡികളായ ഗണേഷും കുമരേഷും, മൃദംഗത്തിൽ വിദ്വാൻ പത്രി സതീഷ് കുമാറും ചേർന്ന് മെയ് 6 – ന് ആസ്വാദകർക്ക് സംഗീത വിരുന്നൊരുക്കും.
അഭിഷേക് രഘുറാമും സംഘവും നയിക്കുന്ന കർണാടക സംഗീത കച്ചേരിയാണ് മെയ് 7 – ന് ഒരുക്കിയിട്ടുള്ളത്.
സംഗീത വിദഗ്ധൻ നിത്യശ്രീ മഹാദേവനും സംഘവും മെയ് 8 -ന് സംഗീതക്കച്ചേരി അവതരിപ്പിക്കും.
വിദ്യശ്രീയുടെ ‘ബുദ്ധ – ദി ഡിവൈൻ’ ബഹ്‌റൈനിൽ നിന്നുള്ള നൃത്ത നാടകമാണ് മെയ് 9 -ന് അരങ്ങിലെത്തുക. എൽ സമ്പത്ത്കുമാറിന്റെ വരികൾക്ക് പാലക്കാട് ശ്രീറാം ആണ് സംഗീതം ഒരുക്കിയിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ, ശങ്കരൻ നമ്പൂതിരി, ശ്രീവൽസൻ ജെ മേനോൻ, ലാലു സുകുമാർ എന്നിവരും സംഘവും മെയ് 10- ന് ആസ്വാദകർക്ക് മെലഡിയുടെ വിരുന്നൊരുക്കും.
മെയ് 11- ന് ബഹ്‌റൈൻ സ്വദേശ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഖലീൽ അലഷാറിന്റെ കഥക് അവതരണവും തുടർന്ന് മജാസ് ബഹ്‌റൈൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും നടക്കും.
തിരുവാരൂർ ഭക്തവൽസലൻ, ആലപ്പുഴ ആർ കരുണാമൂർത്തി, ഗിരിധർ ഉടുപ്പ എന്നിവരുടെ അകമ്പടിയോടെ മൈസൂർ നാഗരാജ്, ഡോ. മൈസൂർ മഞ്ജുനാഥ് എന്നിവർ വയലിനിൽ നയിക്കുന്ന ക്ലാസിക്കൽ ഇൻസ്ട്രുമെന്റൽ നൈറ്റ് ആണ് മെയ് 12-ന് ആസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത്.
മെയ് 13-ന് രാജേഷ് വൈദ്യ, ഭുവനേഷ്, കുമാരൻ, മോഹൻ, സായ് ഹരി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കച്ചേരിയാണ് അരങ്ങിലെത്തുക.
മെയ് 14-ന് സരോദ് വിദഗ്ധരായ ഉസ്താദ് അംജദ് അലി ഖാൻ, അമൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരുടെ സംഗീത പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ബഹ്‌റൈൻ സാംസ്കാരിക പുരാവസ്തു വകുപ്പ്, ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് BKS ഇൻഡോ-ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്.
തിരക്കിട്ട മനുഷ്യ ജീവിതത്തിന് സന്തോഷവും ആശ്വാസവും നൽക്കിയിരുന്ന കലാ സാംസ്കാരിക പ്രവർത്തനങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ നിശ്ചലമായിരിക്കുകയായിരുന്നു . ഈ ഒരവസ്ഥയിൽ മെഗാ ഫെസ്റ്റിവൽ എന്ന സാംസ്കാരിക മാമാങ്കത്തെ ബഹ്‌റൈൻ ലോകത്തിനായി അണിയിച്ചൊരുക്കുന്നത് ആളുകൾക്ക് ആശ്വാസവും സന്തോഷവും നല്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ടും പരിപാടിയുടെ മുഖ്യ സൂത്രധാരനുമായ പി .വി.രാധാകൃഷ്ണ പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു. മെഗാ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണെന്നും ബഹ്‌റൈനിലെ കലാസ്‌നേഹികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബികെഎസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. BKS ഇൻഡോ ബഹ്‌റൈൻ ഡാൻസ് ആന്റ് മ്യൂസിക് ഫെസ്റ്റിവൽ ഏറ്റവും ആസ്വാദ്യകരമായി തന്നെ ആളുകളിലേക്കെത്തിക്കാൻ കഴിയുമെന്ന പൂർണ്ണവിശ്വാസമുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് ഗോവിന്ദപുരം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് പി.വി.രാധാകൃഷ്ണ പിള്ള 39691590 വർഗ്ഗീസ് കാരക്കൽ 39617620 എന്നിവരെ ബന്ധപ്പെടാവുന്നതാണ്