വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ്

Health insurance gx

ഒമാനില്‍ സ്വകാര്യ മേഖലയിലെ വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇൻഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.സാധാരണ പ്രവാസികൾക്ക് ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശികള്‍ക്ക് നിര്‍ബന്ധിത ഇൻഷുറന്‍സ് എന്ന നിയമം നടപ്പിലാക്കാന്‍ സർക്കാർ ഒരുങ്ങുന്നത്. തൊഴില്‍ മേഖലയ്ക്ക് ഗുണകരമായ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. നൂറിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരിക. തുടർന്ന് ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ആരോഗ്യ ഇൻഷുറന്‍സ് നിര്‍ബന്ധമാക്കും. ഭീമമായ ചികില്‍സാ ചെലവ് താങ്ങാനാവാതെ പ്രയാസപ്പെട്ടിരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമേകുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.