ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (എസ് ക്യു എ) എന്നിവയുമായി സഹകരിച്ച് നല്‍കുന്ന ഈ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് കൊച്ചി നോളജ്പാര്‍ക്ക് കാമ്പസില്‍ നടന്നു. ചടങ്ങില്‍ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം എം ജോസഫ്, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ ജെ. ലത, ജോയിന്റ് കണ്ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ കെ. മധുകുമാര്‍, ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വിദേശ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പ്രോഗ്രാമുകളിലൂടെ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം വര്‍ഷ പഠനം യുകെയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും മികച്ച യൂണിവേഴ്സിറ്റികളില്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രോഗ്രാമില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ബികോം, ബിബിഎ പ്രോഗ്രാമുകളിലേക്കും ലാറ്ററല്‍ എന്‍ട്രി ഉണ്ടെന്നും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് അധികൃതര്‍ അറിയിച്ചു.

പ്ലസ് ടു കഴിഞ്ഞ് ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന പ്രോഗ്രാമുകള്‍ ആഗോളതലത്തില്‍ വന്‍ അവസരങ്ങളാണ് തുറന്നിടുന്നത്. അന്താരാഷ്ട്ര ബിരുദ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ സര്‍വകലാശാലകളില്‍ പഠിക്കാനും ബിരുദം നേടാനും മികച്ച ജോലി സമ്പാദിച്ച് അവിടെ സ്ഥിരതാമസമാക്കാനുമുള്ള അവസരം നല്‍കുന്നു.

ഉയര്‍ന്ന ഫീസ് നിരക്ക് കാരണം പലര്‍ക്കും വിദേശ ബിരുദം അപ്രാപ്യമാണ്. എന്നാല്‍ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് കാമ്പസില്‍ ആദ്യ രണ്ട് വര്‍ഷവും തുടര്‍ന്ന് മൂന്നാം വര്‍ഷം മാത്രം വിദേശത്തെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി കാമ്പസുകളില്‍ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാമെന്നതാണ് ഈ പ്രോഗ്രാമുകളുടെ സവിശേഷതയെന്ന് ജെയില്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ഇതിലൂടെ ഫീസിനത്തില്‍ നല്ലൊരു തുക ലാഭിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക് വിസ വഴി അവിടെ തുടരാമെന്നിരിക്കെ അവിടുത്തെ  കമ്പനികളില്‍ ജോലി നേടാനും അതിലൂടെ പിആര്‍ കരസ്ഥമാക്കാനും സാധിക്കുമെന്നും ഡോ. ചെന്‍രാജ് റോയ്ചന്ദ് കൂട്ടിച്ചേര്‍ത്തു.

 

അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തീര്‍ക്കുന്ന പദ്ധതികളാണ് പ്രോഗ്രാമിലൂടെ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് പ്രധാനം ചെയ്യുന്നതെന്ന് ജെയില്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം എം ജോസഫ് പറഞ്ഞു. പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും വിവിധ തൊഴില്‍ മേഖലയ്ക്ക് അനുയോജ്യമായ ഡിഗ്രികളിലൂടെ ആഗോള അക്കാദമിക രംഗത്തിന്റെ ഭാഗമാകാന്‍ പഠിതാക്കള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് 30 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി.