ഇന്ത്യൻ സ്‌കൂൾ  വിദ്യാർത്ഥിക്ക് അന്താരാഷ്‌ട്ര ഗണിത പുരസ്കാരം 

മനാമ: ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷാനിക് ഹ്യൂബർട്ടിനു  ഇന്റർനാഷണൽ യൂത്ത് മാത്‍സ്  ചലഞ്ചിൽ (ഐവൈഎംസി) വെങ്കല പുരസ്കാരവും ദേശീയ അവാർഡും ലഭിച്ചു. ലോക  രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഗണിത വൈദഗ്ദ്ധ്യം തെളിയിക്കാൻ അവസരമൊരുക്കുന്ന മത്സരത്തിലാണ് ഷാനിക് ഈ നേട്ടം കരസ്ഥമാക്കിയത്.  ഈ വർഷത്തെ    ഇന്റർനാഷണൽ യൂത്ത് മാത്‍സ്  ചലഞ്ചിൽ   അവസാന റൗണ്ടിലെ മികവിലാണ്   17-കാരനായ ഷാനിക്ക് വെങ്കല ബഹുമതി നേടിയത്. നിരവധി ഗണിതശാസ്ത്ര മേഖലകളിൽ സമഗ്രമായ വൈദഗ്ധ്യം ആവശ്യമായ   പരീക്ഷയായിരുന്നു അവസാന റൗണ്ട്. മത്സരത്തിലെ അവസാന റൗണ്ടിൽ ബഹ്‌റൈനിൽ  ഏറ്റവും ഉയർന്ന സ്‌കോർ നേടിയ മികച്ച മത്സരാർത്ഥിക്കുള്ള  ദേശീയ അവാർഡും ഷാനിക്ക് നേടി. ബഹ്‌റൈനിലെ ഇലക്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ  എൻജിനിയറായ  ഹ്യൂബർട്ട് സതീഷ് കുമാറിന്റെയും ബഹ്‌റൈൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ലക്‌ചററായ  പ്രീത ജോസഫിന്റെയും മകനാണ് ഈ മിടുക്കൻ.  ഷാനിക്കിന്റെ സഹോദരൻ നിഷാദ് ഹ്യൂബർട്ട് ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കുള്ള ഏറ്റവും വലിയ ഓൺലൈൻ ഗണിത മത്സരങ്ങളിലൊന്നാണ്  ഇന്റർനാഷണൽ യൂത്ത് മാത്‍സ് ചാലഞ്ച്.  ഇന്ത്യൻ സ്‌കൂൾ .ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ  മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷാനിക്കിനെ അനുമോദിച്ചു.