ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം

മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, കേക്ക് മുറിക്കല്‍, ആദരിക്കല്‍, അവാര്‍ഡ് സമര്‍പ്പണം, ക്വിസ് മത്സരം, റാഫിള്‍ ഡ്രോ തുടങ്ങിയവ അരങ്ങേറി.
ഐപി, ഒപി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു നഴ്‌സിംഗ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ നഴ്‌സസ് ദിന സന്ദേശം നല്‍കി. സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്‌സുമാരെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെയും മെഡിക്കല്‍ ഡയറക്ടര്‍ പ്രസംഗത്തില്‍ എടുത്തുപഞ്ഞു.
ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി, പരിചരണത്തിന്റെ സാമ്പത്തിക ശക്തി’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷം.
ചടങ്ങില്‍ ബഹ്‌റൈനിലെ നഴ്‌സിംഗ് മേഖലയില്‍ കഴിഞ്ഞ 35 വര്‍ഷമായി സ്തുത്യര്‍ഹ സേവനം നഴിക്കുന്ന സിസ്റ്റര്‍ റേയ്ച്ചല്‍ ബാബുവിനെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു. ഷിഫ അല്‍ ജസീറയില്‍ ദീര്‍ഘകാല സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 20 വര്‍ഷത്തെ സേവനത്തിന് ജോസില്‍ ജോണ്‍, ലിസി ജോണ്‍(16 വര്‍ഷം), സോണിയ ജോണ്‍ (14 വര്‍ഷം), എലിസബത്ത് തോമസ് (13 വര്‍ഷം) എന്നിവര്‍ക്ക് മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.നഴ്‌സുമാരായ ഷബ്‌ന നസീര്‍, ബിനു പൊന്നച്ചന്‍, അജയ് ജേക്കബ്, പ്രിന്‍സി തോമസ്, സോഫിയ സാബു, പ്രജിത്ത്, ആശാ മോള്‍, രാജി സനല്‍ കുമാര്‍, ഹര്‍ഷാദ് എന്നിവരെയും ആദരിച്ചു. ഡോ. സല്‍മാന്‍, മെഡിക്കല്‍ അഡ്മിനസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കിസ് മത്സരത്തിന് ക്വാളിറ്റി മാനേജര്‍ സിസ്റ്റര്‍ ആന്‍സി അച്ചന്‍കുഞ്ഞ് നേതൃത്വം നല്‍കി. ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഷബീല്‍ അലി റാഫിള്‍ ഡ്രോ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, റാഫിള്‍ ഡ്രോ വിജയികളെ ഡോ.ഷംനാദ് മജീദ് പ്രഖ്യാപിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. ചന്ദ്രശേഖരന്‍ നായര്‍, ഡോ. അബ്ദുള്‍ ജലീല്‍, ഡോ. പ്രേമാനന്ദന്‍, ഡോ. അലീമ, ഡോ. വഹീദ, ഡോ. സുല്‍ത്താന നസ്രീന്‍, ഡോ. ബിന്‍സി തുടങ്ങിയവരും നഴ്‌സുമാരും മാനേജര്‍മാരും മറ്റു ജീവനക്കാരും പങ്കാളികളായി. ആന്‍സി അച്ചന്‍കുഞ്ഞ് സ്വാഗതം പറഞ്ഞു. ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ സുള്‍ഫിക്കര്‍ കബീര്‍ അവതാരകനായി.