ഡബ്ലിന്‍: രാജ്യത്തെ ആദ്യത്തെ ആഡംബര സ്ലീപ്പര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. 10 കോച്ചുകളും 20 ഇന്‍-സ്യൂട്ട് കാബിനുകളും രണ്ട് ഡൈനിങ് കാറും ഒരു ഒബ്സര്‍വേഷന്‍ കാറുമാണ് ട്രെയിനിനുള്ളത്. ഗ്രാന്റ് ഹിബേറിയന്റെ ഉദ്ഘാടന യാത്ര അയര്‍ലണ്ടിന്റെ ഗ്രാന്റ് ടൂര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം 2.30 നാണ് ട്രെയിനിന്റെ ഉദ്ഘാടനം. ട്രെയിനിന്റെ യാത്രാ നിരക്ക് പുറത്തു വിട്ടു. പ്രൈവറ്റ് പ്ലെയ്സിന് രണ്ട് രാത്രിക്ക് 3160 യൂറോയാണ് ഈടാക്കുന്നത്.
നാല് രാത്രികള്‍ക്ക് 4520 യൂറോയും ആറ് രാത്രികള്‍ക്ക് 7722 യൂറോയുമാണ് ഈടാക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു എസ്, യു കെ, യൂറോപ്യന്‍ മാര്‍ക്കറ്റുകളെയാണ് ട്രെയിന്‍ മുഖ്യമായും ലക്ഷ്യം വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐറിഷ് യാത്രയ്ക്കായി ഇതിനോടകം തന്നെ നൂറ് കണക്കിന് ബുക്കിങുകളാണ് വന്നിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ രംഗത്ത് വിദഗ്ദ്ധരായ 40 ല്‍ അധികം ജോലിക്കാരെ ഉപയോഗിച്ചാണ് ട്രെയിന്‍ പുതുക്കിപ്പണിഞ്ഞിരിക്കുന്നത്.
പത്ത് ബോഗികള്‍ക്കും അയര്‍ലണ്ടിലെ പ്രദേശങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. കില്‍ഡേര്‍, വെക്സ്ഫോഡ്, സ്ലിഗോ, കെറി, ഡൗണ്‍, വാട്ടര്‍ഫോഡ്, ലെയ്ട്രിം, ഫെര്മനാഘ്, ഡോണഗല്‍, കാര്‍ലോ എന്നീ പേരുകളാണ് ബോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്. ജെയിംസ് പാര്‍ക്ക് അസോസിയേഷനാണ് ട്രെയിനിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.