വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇന്ത്യൻ സ്‌കൂളിന്റെ  വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു

gpdesk.bh@gmail.com

മനാമ:ഇന്ത്യൻ സ്‌കൂളിന്റെ  വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.   സ്കൂൾ കൈവരിച്ച അക്കാദമിക മികവിനെ യോഗം അഭിനന്ദിച്ചു.  സിബിഎസ്ഇ പരീക്ഷകളിൽ മാതൃകാപരമായ പ്രകടനം  കാഴ്ചവെച്ച  അക്കാദമിക് റിപ്പോർട്ട് രക്ഷാകർതൃ സമിതി അംഗീകരിച്ചു. റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം  നിർദേശങ്ങൾക്കും പ്രമേയങ്ങൾക്കും അന്തിമരൂപം നൽകുന്നതിന് മുമ്പ് ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചു.   ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ  ഫീസ് ഓൺലൈൻ   വഴി അടയ്ക്കാൻ സഹായിക്കുന്ന പദ്ധതി നടപ്പാക്കും. ഒരു പ്രമുഖ സാമ്പത്തിക സേവന ദാതാവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഫീസ് പേയ്‌മെന്റ് ഗേറ്റ്‌വേ നിർദ്ദേശം യോഗം  അംഗീകരിച്ചു. ഈ ആപ്പിൽ തീർപ്പാക്കാത്ത ഇൻവോയ്‌സുകളും പേയ്‌മെന്റുകളുടെ ചരിത്രവും  കാണാനാകും. ക്ലാസ് മുറികളിൽ  സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കാൻ സ്കൂളിന് പദ്ധതിയുണ്ടെന്ന് യോഗത്തിൽ വെളിപ്പെടുത്തി.
വൈദ്യുതി ബിൽ ചെലവുകൾ ലാഭിക്കുന്നതിനായി സോളാർ പവർ പർച്ചേസ് എഗ്രിമെന്റുമായി സ്‌കൂൾ  മുന്നോട്ട് പോകുകയാണെന്ന് ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു. ഇന്ത്യൻ സ്‌കൂളിൽ  സൗരോർജ്ജ സംവിധാനം രൂപകൽപന ചെയ്യുന്നതിനുള്ള  സാമ്പത്തിക കരാറാണിത്. സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള യുനെസ്‌കോ അഫിലിയേറ്റഡ് സ്‌കൂളിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി ബിൽ ചെലവിൽ ഗണ്യമായ തുക ലാഭിക്കാൻ കഴിയുമെന്ന് ചെയർമാൻ പറഞ്ഞു.

ഇസ ടൗണിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ   എൽഇഡി ഡിസ്പ്ലേയ്ക്കുള്ള മറ്റൊരു നിർദ്ദേശം   ബോഡി അംഗീകരിച്ചു. ജഷൻമൽ ഓഡിറ്റോറിയത്തിനും നീന്തൽക്കുളത്തിനും ചുറ്റുമുള്ള സ്ഥലം  വികസിപ്പിക്കാനും നവീകരിക്കാനും   നിർദ്ദേശം ഉണ്ടായിരുന്നു. ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. മാർച്ച് 31 ന് അവസാനിച്ച വർഷത്തെ  സാമ്പത്തിക റിപ്പോർട്  സാമ്പത്തിക സ്ഥിരത  മെച്ചപ്പെടുത്തുന്നതിന്റെ നല്ല സൂചനകൾ കാണിച്ചു.   മഴവെള്ളം ചോർച്ചയും റിഫ കാമ്പസ് കെട്ടിടത്തിന്റെ കേടുപാടുകളും സംബന്ധിച്ച റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. മേൽക്കൂരയിലെ വാട്ടർപ്രൂഫിംഗിലെ ഗുരുതരമായ പ്രവർത്തന പ്രശ്‌നമാണ് ഇത് ചൂണ്ടിക്കാണിച്ചത്, അത് കൂടുതൽ അന്വേഷിക്കും. സ്‌കൂൾ കെട്ടിടങ്ങൾക്ക് 5 വർഷത്തേക്കുള്ള വാട്ടർപ്രൂഫിംഗ് ഗ്യാരണ്ടി മാത്രമാണ് നൽകിയിരിക്കുന്നത് . വാട്ടർപ്രൂഫിംഗിനുള്ള ഏറ്റവും കുറഞ്ഞ സ്വീകാര്യമായ ഗ്യാരന്റി കുറഞ്ഞത് 10 വർഷമായതിനാൽ നിർമ്മാണ മേഖലയിൽ ഇത് അസാധാരണമാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ സ്‌കൂൾ എ.ജി.എമ്മും 2020-2023 എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും 2020 ഒക്‌ടോബർ അവസാനത്തോടെ നടത്തേണ്ട കാര്യം സ്‌കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തെ  അറിയിച്ചിരുന്നു.  നിലവിലെ ബോർഡിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനോ ഇലക്ട്രോണിക് വോട്ടിംഗിലൂടെ പുതിയ ഭരണസമിതിയെ   തിരഞ്ഞെടുക്കാനോ ഉള്ള നിർദേശം  അനുവദിച്ചുകൊണ്ട് 2020 നവംബർ 24-ന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ  നിന്ന് സ്‌കൂളിന് നിർദ്ദേശം ലഭിച്ചു. തുടർന്ന് ഭരണ സമിതി അടിയന്തര  യോഗം ചേർന്നു. സമഗ്രമായ ആലോചനകൾക്ക് ശേഷം, എജിഎമ്മും ഇസിയിലേക്കുള്ള തിരഞ്ഞെടുപ്പും സുരക്ഷിതവും  നീതിയുക്തവുമായ രീതിയിൽ മന്ത്രായത്തിന്റെ   അനുമതിയോടെ നടത്താനുള്ള സാഹചര്യം സാധ്യമാകുന്നതുവരെ നിലവിലെ ഭരണ സമിതി  തുടരാൻ ഏകകണ്ഠമായി തീരുമാനിച്ചു.

പുതിയ ഇസിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് അംഗീകാരം തേടി സ്‌കൂൾ കഴിഞ്ഞ സെപ്തംബറിൽ മന്ത്രാലയത്തിന്  അപേക്ഷ നൽകിയിരുന്നു. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സ്‌കൂളിന് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചാലുടൻ പുതിയ ഇസിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തും.സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻ എസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജോൺസൺ കെ ദേവസ്സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിനും സ്കൂളിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും രക്ഷിതാക്കളുടെ പിന്തുണയും സഹകരണവും പ്രിൻസ് നടരാജൻ അഭ്യർത്ഥിച്ചു.  ഭരണ സമിതിയിലേക്കുള്ള  വിദ്യാഭ്യാസ മന്ത്രാലയം  നോമിനി ഒരു രക്ഷിതാവായിരിക്കണമെന്നും മുൻ ഇസി അംഗമായിരിക്കരുതെന്നും ഉള്ള  പ്രമേയം യോഗം അംഗീകരിച്ചു. ഇമെയിലുകൾ ലഭിച്ച് 7 ദിവസത്തിനകം രക്ഷിതാക്കളുടെ ചോദ്യങ്ങൾക്കും ഫീഡ്‌ബാക്കും സ്‌കൂൾ മറുപടി നൽകുമെന്ന് തീരുമാനിച്ചു.ഏതാനും രക്ഷിതാക്കൾ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രിൻസ് നടരാജന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക്   ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവരെ ബോധ്യപ്പെടുത്താനും യോഗം നിയന്ത്രിക്കാനും കഴിഞ്ഞു.