ബഹ്‌റൈൻ : ഇന്ത്യൻ സ്കൂൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിയമം അനുവദനീയം ആണെങ്കിൽ ജൂൺ മാസം അധ്യയന വർഷം ആരംഭിക്കുകയും സമ്മർ വൊക്കേഷൻ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതായിരിക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠനത്തിന് സൗകര്യപ്രദമാകുക എന്ന് യുനൈറ്റഡ് പാരെന്റ്സ് പാനൽ (യു. പി. പി) ഒരു പത്ര കുറിപ്പിലൂടെ അറിയിച്ചു.
ഇപ്പോൾ ആരംഭിച്ചെന്നു പറയുന്ന ഓൺലൈൻ പഠന സംവിധാനം തികച്ചും അപ്രായോഗിമാണ്. ലാപ്‌ടോപ്പോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാത്ത നിരവധി സാധാരണക്കാരായ കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട് എന്ന കാര്യം ഒരിക്കലും ഈ ഭരണസമിതി വിസ്മരിച്ചു കൂടാത്തതാണ്. ഇനി നെറ്റ് കണക്ഷൻ ഉള്ള വീടുകളിൽ തന്നെ രണ്ടോ മൂന്നോ കുട്ടികളുള്ളവരുടെ വീട്ടിൽ അത്രയും ലാപ്‌ടോപ്പുകൾ ഉണ്ടായിരിക്കണമെന്നതും അസാധ്യമാണ് .
കൂടാതെ സി. ബി. എസ്. സി. സിലബസ് പ്രകാരം എൽ കെ ജി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ. ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ ഓരോ വിഭാഗത്തിലും അറുന്നൂറോളം വിദ്യാർത്ഥികൾആണ് പഠിക്കാനായുള്ളത് .
ഇത്രയും വിദ്യാർത്ഥികൾ ഒരുമിച്ച് ഓൺലൈനിൽ ഒരേ സമയം വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. പാഠ്യ വിഷയങ്ങളോ, അധ്യാപകരുടെ വിശദീകരണങ്ങളോ വ്യക്തമായി കാണാനോ മനസ്സിലാക്കാനോ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത് .
ഭൂരിഭാഗം ആളുകളും ജീവിത ചെലവുകൾക്ക് വേണ്ടി ജോലിയോ കൂലിയോ ഇല്ലാതെ വിഷമം അനുഭവിക്കുന്ന ഈ ഘട്ടത്തിൽ ഇപ്പോൾ രക്ഷിതാക്കൾക്ക് സ്കൂളിന്റെ ഭാഗത്ത് നിന്നും അയച്ചിരിക്കുന്ന ഏഴു ദിനാറും ഇരുന്നൂറ് ഫിൽസോളം വിലയിൽ വില്പനക്കുള്ള ഇന്റർനെറ്റ് കണക്ഷന്റെ പരസ്യം ചെയ്ത് രക്ഷിതാക്കളെ വിഷമിപ്പിക്കുന്നതിന് പകരം അങ്ങിനെയൊരു സംവിധാനം രക്ഷിതാക്കൾക് സൗജന്യമായി ഒരുക്കി കൊടുക്കാനാണ് ഉത്തരവാദപ്പെട്ട ഒരു ജനാധിപത്യ കമ്മിറ്റി എന്ന പേരിൽ ഒരു പ്രതിബദ്ധതയുള്ള കമ്മിറ്റി ചെയ്യേണ്ടത്. ഇല്ലെങ്കിൽ പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിലെ ഐ ടി സംവിധാനത്തെ ഭരണസമിതിയിലുള്ളവരോ അവരുമായി ബന്ധപ്പെട്ടവരോ ആയ ആളുകൾ വെറും കച്ചവട താല്പര്യാർത്ഥം മാത്രം ഉപയോഗപ്പെടുത്തുകയാണെന്ന് പൊതു സമൂഹം സംശയിച്ചാൽ കുറ്റം പറയാനാവാതെ വരും
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓരോ കുടുംബവും കുടുംബാങ്ങങ്ങളും ഓരോ ദിവസത്തെയും പേടിയോടെ നോക്കി കാണുമ്പോൾ ഇനിയും ചിലവ് വരുത്തി തീർക്കുന്നതിന് പകരം ഫീസിനത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും വേതനം കൊടുക്കാനുള്ള ട്യൂഷൻ ഫീസ് മാത്രം ഈടാക്കുകയും ബാക്കിയെല്ലാ രീതിയിലും മാസം തോറും ഈടാക്കുന്ന സകല ഫീസിനങ്ങളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒഴിവാക്കികൊടുക്കാനുള്ള നടപടികൾ ഭരണ സമിതി എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതുണ്ട് . ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഫീസ് അടക്കാൻ നിർവ്വാഹമില്ലാത്തവരെ നിരന്തരം സന്ദേശങ്ങൾ അയച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യരുതെന്ന് യു. പി. പി സ്കൂൾ ചെയര്മാനോടും ഭരണ സമിതിയോടും അപേക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുകയാണെന്ന് യു. പി. പി പത്രക്കുറിപ്പിലൂടെ അറിയിച്ചു.