മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷ പരിപാടികള്‍ക്ക് ഈ മാസം 22 മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22, 23, 24 തീയതികളില്‍ റൂവി അല്‍ ഫലജ് ഹോട്ടലിലെ ഗ്രാന്റ് ഹാളില്‍ വിവിധ പരിപാടികളോടെ ഇത്തവണത്തെ ആഘോഷം അരങ്ങേറും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി എല്ലാവര്‍ഷവും നല്‍കുന്ന സാംസ്‌കാരിക അവാര്‍ഡ് ഈ വര്‍ഷം നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് സമ്മാനിക്കും. മലയാള സിനിമക്ക് നല്‍കിവരുന്ന സംഭാവനകള്‍ മാനിച്ചാണ് രഞ്ജി പണിക്കരെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് കണ്‍വീനര്‍ ഗോപാലന്‍ കുട്ടി കാര്‍ണവര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായും രഞ്ജി പണിക്കര്‍ വിശിഷ്ടാതിഥിയുമായായും പങ്കെടുക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെയും ബിസിനസ് മേഖലയിലെയും പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി രണ്ട് മാസങ്ങളിലായി നടന്ന യുവജനോല്‍സവ പരിപാടിയിലെ വിജയികള്‍ക്കും അന്നേ ദിവസം സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ട്രഷറര്‍ എസ് ശ്രീകുമാര്‍, വിവിധ വിഭാഗങ്ങളുടെ കണ്‍വീനര്‍മാരായ ബാബു തോമസ്, പി ശ്രൂകുമാര്‍, പ്രണവീഷ്, സുനില്‍ കുമാര്‍, പാപ്പച്ചല്‍ ഡാനിയേല്‍, ഹേമ മാലിനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.