മസ്കറ് :ഒമാനിലെ ഇന്ത്യാക്കാരുടെ ഏക സർക്കാർഅംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ വാർഷിക പൊതുയോഗം ഡോക്ടർ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാർസൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗമാണ് വരുന്ന രണ്ടു വർഷത്തേക്കുള്ള കമ്മിറ്റിയെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തത്. ഡോക്ടർ നമ്പ്യാർ ചെയർമാനായി തുടരും. സി.എം.സർദാർ വൈസ് ചെയർമാനും ബാബു രാജേന്ദ്രൻ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പി. എം. ജാബിർ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി തുടരും.ഒമാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് ക്ലബ്ബിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആസ്ഥാനം പണിയുന്നതിന് മുൻഗണന നല്കുമെന്ന് ഡോക്ടർ സതീഷ് നമ്പ്യാർ പറഞ്ഞു. ദേശ ഭാഷകൾക്ക് അതീതമായി പ്രവാസി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവർക്ക് നല്കിയ സേവനമാണ് വീണ്ടും സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി എതിരില്ലാതെ താൻ തിരഞ്ഞെടുക്കപ്പെടാൻ സാഹചര്യമൊരുക്കിയതെന്ന് പി.എം. ജാബിർ പറഞ്ഞു. നിരവധി വെല്ലുവിളികളും പരിമിതികളും നിറഞ്ഞ ഈ മേഖലയിൽ അധികാരികളുടെയും നന്മ നിറഞ്ഞ മനഷ്യരുടെയും സഹായത്തോടെ കൂടുതൽ കാര്യങ്ങൾ താൻ നിർവ്വഹിക്കുമെന്നും കൂടുതൽ പേരിലേക്ക് സാമൂഹ്യക്ഷേമ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എന്നും അദ്ദേഹം പറഞ്ഞു.അംഗബലത്തിൽ ഗൾഫിലെ തന്നെ ഏറ്റവും വലിയ അംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ ന്റെ കീഴിൽ വിവിധ സംസ്ഥാനത്തു നിന്നുള്ളവർക്കായി 22 ഭാഷാ വിഭാഗങ്ങളം സലാല, സൊഹാർ എന്നിവിടങ്ങളിൽ ശാഖകളുമുണ്ടു.