ദില്ലി: ഇന്ത്യൻ ഫുട്ബോൾ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) മൂന്നാം സീസണുള്ള മത്സരക്രമമായി. ഒക്ടോബർ ഒന്നിന് ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോടെയാണ് ഐ എസ് എല്ലിന്‍റെ മൂന്നാം പതിപ്പിന് തുടക്കമാവുക. അഞ്ചിന് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരായണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.
ബ്ലാസ്റ്റേഴ്സിന്റെ തുടർന്നുള്ള രണ്ട് മത്സരങ്ങളും കൊച്ചിയിലാണ്. ഒൻപതിന് ഡൽഹി ഡൈനമോസിനെതിരെയും 14ന് മുംബൈ സിറ്റിക്കെതിരെയും. നിലവിലെ ജേതാക്കളായ ചെന്നൈയുടെ ആദ്യപോരാട്ടം ഒക്ടോബർ രണ്ടിന് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ. ഗ്രൂപ്പ് ഘട്ടത്തിൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ആകെ 56 മത്സരങ്ങൾ. ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും.
ഡിസംബർ 10നും 11നും ആദ്യപാദ സെമിയും 13നും 14നും രണ്ടാംപാദ സെമിയും നടക്കും. ഡിസംബർ 18നാണ് ഫൈനൽ. കലാശപ്പോരാട്ടത്തിന്‍റെ വേദി പിന്നീട് പ്രഖ്യാപിക്കും. പുതിയ കോച്ച് സ്റ്റീവ് കോപ്പലിന്‍റെയും മാർക്വീ താരം ആരോൺ ഹ്യൂസിന്‍റെയും നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം പതിപ്പിന് ഇറങ്ങുക.