ബൈത്തു റഹ്മകൾക്ക് “പൂട്ടിടുക” രാഷ്ട്രീയം മാത്രം പറയുന്ന ലീഗ് മതി

ശംസുദ്ദീൻ വെള്ളികുളങ്ങര
( ബഹ്‌റൈൻ  കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്)

ബഹ്‌റൈൻ : നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഏൽപ്പിച്ച “ഷോക്കി”നെ തുടർന്ന് ലീഗനുഭാവികളായ സോഷ്യൽ മീഡിയ പ്രവർത്തകരിൽ ഭൂരിപക്ഷവും എത്തിച്ചേർന്ന നിഗമനത്തിന്റെ രത്നചുരുക്കമാണ് മേലെ എഴുതിയ ഈ ടൈറ്റിൽ. ഗ്രൂപ്പായ ഗ്രൂപ്പുകളിൽ ഒക്കെ ഈ ആശയം ഓടി നടക്കാൻ തുടങ്ങിയപ്പോളാണ് ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയത്. സമയക്കുറവ് മൂലം അൽപ്പം വൈകിയാണെങ്കിലും എനിക്കും ചിലത് പറയാനുണ്ട്.

തിരഞ്ഞെടുപ്പുകൾ മാറി മാറി വരും. ജയപരാജയങ്ങളും തഥൈവ. അത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക എന്നതാണ് അടിസ്ഥാന കാര്യം. ഇക്കാര്യത്തിൽ കേരളത്തിലെ സിപിഎം നെ കണ്ടു പഠിക്കണം നമ്മൾ ലീഗണികൾ. ഒറ്റ ഉദാഹരണം. അവസാനമായി നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും UDF ന് മുമ്പിൽ തോറ്റമ്പി ഇടതന്മാർ. സിപിഎം കോട്ടകൾ തകർന്നു തരിപ്പണമായി. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലാണ് മിക്ക സീറ്റുകളിലും സിപിഎം നിലം പരിശായത്. എന്നിട്ടും എങ്ങിനെയാണ് സിപിഎം അണികൾ പ്രതികരിച്ചതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്ത് കോലാഹലമാണ് സൈബർ ഇടങ്ങളിൽ പാർട്ടി നേതൃത്വത്തെയോ നിലപാടുകളെയോ പ്രതിക്കൂട്ടിലാക്കാൻ സിപിഎമ്മുകാർ എഴുതികൂട്ടിയത്!? എന്നു മാത്രമല്ല തങ്ങളുടെ അതേ നിലപാടിൽ പാറപോലെ ഉറച്ചു നിന്നു പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തിരിച്ചു വരികയും ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്ന മാർജിനോടെയുള്ള വിജയം തരപ്പെടുത്തുകയും ചെയ്‌തു ഇടതന്മാർ!!

ഇത്രയേ ഉള്ളു കാര്യം. ഒരു തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് അടുത്ത തിരഞ്ഞെടുപ്പ് വിജയം വരെ കാത്തിരിക്കാനുള്ള ആത്മ വിശ്വാസം. അവിടെയാണ് നമ്മളും അവരും തമ്മിലുള്ള അന്തരം.

എന്നാൽ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര വോട്ട് കിട്ടാത്തതിനാലോ തങ്ങളുടെ സ്ഥാനാർഥികൾ തോൽപ്പി ക്കപ്പെട്ടതിനാലോ മുസ്ലിം ലീഗും കെഎംസിസി യും തുടർന്ന് പോരുന്ന ജീവകാരുണ്യ സംരംഭങ്ങൾ
(ബൈത്തു റഹ്മ,കിറ്റ് വിതരണം, തുടങ്ങി എണ്ണമില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾ) റദ്ദ് ചെയ്യണമെന്ന മുറവിളി സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർത്തുന്നതിൽ ആണ് ചിലർക്ക് താല്പര്യം.

ആദ്യമേ പറയട്ടെ. മുസ്ലിം ലീഗിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കേവലം വോട്ട് രാഷ്ട്രീയത്തിനുവേണ്ടിയുള്ളതല്ല. വിശ്വാസപ്രമാണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമാണ്. വോട്ട് കിട്ടിയാൽ തുടരേണ്ടതോ കിട്ടിയില്ലെങ്കിൽ (പകരം വീട്ടാൻ) നിർത്തേണ്ടതോ ആയ ലളിതമായ ഒരു പ്രക്രിയയാണ് ആശ്വാസ പ്രവർത്തനങ്ങൾ എന്നു മനസ്സിലാക്കിയേടത്താണ് നമ്മളിൽ പലർക്കും അബദ്ധം പിണയുന്നത്. ജനങ്ങളുടെ നികുതി പണം എടുത്തു കിറ്റ് കൊടുത്തു അവകാശവാദം ഉന്നയിക്കുന്ന പിണറായിയിൽ നിന്ന് മുസ്ലിം ലീഗിലേക്കുള്ള ദൂരത്തെയാണ് ഇത്തരം മുറവിളികൾ ഇല്ലായ്മ ചെയ്യുന്നത്. ജയിക്കുമ്പോൾ തുടരേണ്ടതും തോറ്റാൽ റദ്ദ് ചെയ്യേണ്ടതുമാണ് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്നു ആരാണ് നമ്മെ തെറ്റിദ്ധരിപ്പിച്ചത്!? ഇത്തരം ഇടുങ്ങിയ ചിന്തകളിൽ നിന്ന് നാം പുറത്തു കടന്നെ മതിയാവൂ. ഈ വാദത്തെ പിന്തുണക്കാൻ ലീഗിനു പുറത്തുള്ളവരും സജീവമായുണ്ട് എന്നതിന്റെ “ഗുട്ടൻസ് ” നാം തിരിച്ചറിയുക. ജീവകാരുണ്യത്തിന്റെ രാഷ്ട്രീയ അടിത്തറ അത്ര മോശമായ കാര്യമല്ല.
മുസ്ലിം ലീഗിനെ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും സ്വീകാര്യമാക്കുന്നതും ലീഗിന്റെ കളങ്കമില്ലാത്ത ചാരിറ്റി/സന്നദ്ധ പ്രവർത്തനങ്ങൾ തന്നെയാണ് എന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ.

സ്പ്രിങ്ളർ/ആഴക്കടൽ/ബന്ധുനിയമനം തുടങ്ങിയ രാഷ്ട്രീയ വിവാദങ്ങളെക്കാൾ ജനങ്ങളെ പിണറായിക്ക് പിന്നിൽ അണി നിരക്കാൻ പ്രേരിപ്പിച്ചത് ഇടത് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റുകൾ ആണെന്ന് രാഷ്ട്രീയ നിരീക്ഷകന്മാർ വിലയിരുത്തി കഴിഞ്ഞു. നമ്മൾ വോട്ട് കിട്ടാത്തതിന്റെ പേരിൽ നിർത്തണം എന്നാവശ്യപ്പെടുന്ന കിറ്റുകൾ നൽകിയാണ് പിണറായി ഈ തിരഞ്ഞെടുപ്പിൽ വോട്ട് വാരി കൂടിയതെന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് നമ്മളെ ‘തിരിച്ചു നടത്താ”നുള്ള ഈ മുറവിളി എന്തുമാത്രം അബദ്ധമാണെന്നു നമ്മൾ പറയേണ്ടിവരിക!!!

അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു ഞാൻ അടക്കമുള്ളവർ നൽകിയ അധിക പബ്ലിസിറ്റി ചിലപ്പോളൊക്കെ “വൾഗർ” ആയോ എന്നും പുനരാലോചിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരിൽ നിന്ന് പിരിവെടുത്തു പണി കഴിപ്പിച്ചു കൊടുത്ത ബൈത് റഹ്മകളുടെ അമിതമായ ആഡംബരം സമൂഹത്തിനു നല്കിയ സന്ദേശവും നല്ലതല്ല.
പട്ടിണി കിടക്കുന്നവനെ കൂട്ടിക്കൊണ്ടു പോയി ബിരിയാണി മേടിച്ചു കൊടുക്കാം. എന്നാൽ അവനു ബഫെ വാങ്ങിക്കൊടുക്കുന്നത് അനാവശ്യ ചെലവാണ്. സാധാരണ ഊണ് കിട്ടാതെ പ്രയാസപ്പെടുന്നവർ ധാരാളമുള്ള സമൂഹത്തിൽ നിന്നു തിരഞ്ഞെടുത്ത ഒരാൾക്ക് ഇങ്ങനെ കൊടുക്കുമ്പോൾ മറ്റുള്ളവർ എന്തു കരുതും!?
അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു ചെയ്യേണ്ടിയിരുന്ന ബൈത് റഹ്മ അടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങൾ “സാമൂഹ്യ പ്രീതി” മാത്രം ലക്ഷ്യമിട്ട് ഓവർ ബൂസ്റ്റ് ചെയ്തതും ഒരു പക്ഷെ ഗുണത്തേക്കാളേറെ ദോഷം ചെയ്തിരിക്കാം. ഒരു കാര്യം കൂടി. പലരും ഇപ്പോൾ പ്രചരിപ്പിക്കുന്നത് പോലെ ലീഗിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ പുതിയ കാര്യമൊന്നുമല്ല. എല്ലാ ശാഖ കമ്മിറ്റികൾക്കും കീഴിൽ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റികൾ സ്ഥിര സംവിധാനമായി നിലനിന്നിരുന്ന കാലമുണ്ടായിരുന്നു. വീട് ഓല മേയാനും സുന്നത് കല്യാണത്തിനും സഹായം ചെയ്തു തുടങ്ങിയ ആശ്വാസ പ്രവർത്തനങ്ങൾ ആട് വിതരണത്തിലേക്കും തയ്യൽ മെഷീൻ വിതരണത്തിലേക്കും തുടർന്ന് പാവപ്പെട്ട പെണ്കുട്ടികള് കെട്ടിച്ചയക്കാനുള്ള വലിയ സഹായങ്ങളായും വികസിച്ചതിന്റെ ഇപ്പോഴത്തെ രൂപം “ബൈത് റഹ്മ” ആയി എന്നു മാത്രം.

മലവെള്ളപാച്ചിൽ പോലെ കുത്തിഒഴുകി വന്ന ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ അന്തസ്സോടെ ലീഗിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞത് UDF ലെ മറ്റ് കക്ഷികൾക്കൊന്നും ഇല്ലാത്ത ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് അജണ്ടയിൽസ്ഥാനം നൽകിയ ഏക പാർട്ടി ലീഗ് എന്ന നിലക്ക് തന്നെയാണ്.

ഇനി “രാഷ്ട്രീയ”ത്തിലേക്ക് വരാം. ആരാ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ലീഗ് രാഷ്ട്രീയം പറയുന്നില്ലെന്നു!?
രമേശ് ചെന്നിത്തലയുടെ തൊട്ടു പുറകിൽ മുനീർ സാഹിബും ഷാജിയും ഫിറോസും എല്ലാറ്റിലും രാഷ്ട്രീയം പറഞ്ഞുകൊണ്ട് മുസ്ലിം ലീഗ് നിരയിൽ ശക്തമായി രംഗത്തുണ്ടായിരുന്നു. ബൽറാം, ശബരിനാഥ് , കെ.മുരളീധരൻ തുടങ്ങിയവരും രാഷ്ട്രീയം പറയുന്നതിൽ ഒട്ടും മോശമായിരുന്നില്ല. ഇതിൽ ജയിച്ചവർ ചെന്നിത്തലയും മുനീർ സാഹിബും മാത്രം. അതിൽ തന്നെ ലീഗ് ഭരിക്കുന്ന കട്ടിപ്പറ പഞ്ചായത്തിൽ രാഷ്ട്രീയം പറഞ്ഞ മുനീർ സാഹിബിനെക്കാൾ ആയിരത്തിൽ അധികം വോട്ട് ‘രാഷ്ട്രീയം ” ഉറക്കത്തിൽ പോലും പറഞ്ഞിട്ടില്ലാത്ത കാരാട്ട് റസാക്കിന്‌!

ഇനിയുമുണ്ട് നടത്താൻ പരിശോധനകൾ.
കഴിഞ്ഞ 5 വർഷക്കാലം കേരളത്തിലെ തെരുവുകളിൽ യുവതയെ പ്രക്ഷുബ്ധമാക്കി കേന്ദ്ര/കേരള സർക്കാറുകൾക്കെതിരെ വിരൽ ചൂണ്ടി രാഷ്ട്രീയം പറഞ്ഞ പി.കെ. ഫിറോസിനെ തോൽപിച്ച അബ്ദുർറഹ്മാൻ താനൂരിൽ രാഷ്ട്രീയം പറഞ്ഞാണോ ജയിച്ചത്!?
രാഷ്ട്രീയം പറയാത്തത്തിന്റെ കുറവ് കൊണ്ടാണോ ഷാജിയുടെയും ബൽറാമിന്റെയും ശബരി നാഥിന്റെയും മുന്നിൽ നിയമസഭ കവാടം കൊട്ടിയടക്കപ്പെട്ടത്!!? നിര്യാതനായ ഡി. സി.സി.പ്രസിഡണ്ട് പ്രകാശിനെക്കാൾ എന്ത് മുന്തിയ പൊളിറ്റിക്സ് പറഞ്ഞിട്ടാണ് നിലമ്പൂരിലെ വോട്ടർമാർ അൻവറിന് MLA എന്ന മൂന്നക്ഷരം പതിപ്പിച്ചു കൊടുത്തത്!!?

ദീര്ഘിപ്പിക്കുന്നില്ല. രാഷ്‌ട്രീയവും ജീവകാരുണ്യ പ്രവര്ത്തനങ്ങളും ഡോസ് നോക്കി കൊടുത്തു തന്നെയാണ് ലീഗ് ഇത്രയും കാലം നിലനിന്നത്.(ജയിച്ചതും തോറ്റതും) ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ അതേ നയവുമായി തിരഞ്ഞെടുപ്പിൽ നിയമസഭ തിരഞ്ഞെടുപ്പിനെയും അഭിമുഖീകരിച്ച നമ്മൾ തോൽവിയിൽ മാത്രം “ചാരിറ്റി” യെ പ്രതിക്കൂട്ടിൽ കയറ്റി അപഹസിക്കുന്നത് നീതീകരിക്കാമോ!?
ലാസ്റ്റ് വാചകം: ലോക് സഭയിൽ രണ്ട് ടെം തുടർച്ചയായി UPA ഭരിച്ചപ്പോളും ഒട്ടും നിരാശരാകാതെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു NDA. ഒടുവിൽ ഫലം കൊയ്തു. മധുര പ്രതികാരം പോലെ കോണ്ഗ്രസ്സിൽ നിന്ന് അധികാരം അങ്ങെടുത്തു. അതും തുടർച്ചയായി.

നമ്മളും കാത്തിരുന്നെ മതിയാവൂ. വരണ്ടുണങ്ങിയ വാനമാണ് മേലെയെങ്കിലും വിണ്ടു കീറിയ ഭൂമി പ്രതീക്ഷയോടെ കിളക്കുക. കാർമേഘങ്ങൾ ഉരുണ്ടു കൂടുകയും മഴ വർഷിക്കുകയും ചെയ്യും . വിതച്ച വിത്തിൽ നിന്ന് അപ്പോൾ വിളവെടുക്കാം. കർമ്മത്തിനാണ് സ്വർഗ്ഗവും നരകവും. പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കർമ്മ നിരതരാവുക. എങ്കിൽ വിജയവും നമ്മെ തേടി എത്തും.