മനാമ : കേരളത്തിൽ വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റുന്നതിനും സംഘർഷത്തിന്റെ വിത്തുപാകി കുഴപ്പം ഉണ്ടാക്കാനും നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതീവ ഗൗരവകരമാണെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് അടിക്കടി ചില കേന്ദ്രങ്ങളിൽ നിന്ന് വിദ്വെഷ പ്രചാരണങ്ങൾ ഉണ്ടാകുന്നതും അവ സമൂഹത്തിൽ രൂപപ്പെടുത്തുന്ന അസ്വസ്ഥതകളും ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുക.
കേരളത്തിന്റെ സവിശേഷമായ സമുദായ മൈത്രി നിലനില്‍ക്കുന്നതിന് എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭരണകൂടവും സാംസ്‌കാരിക നായകരും ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ ഒന്നിക്കണം. ഡിജിറ്റൽ മാധ്യമങ്ങൾ സമൂഹത്തിൽ നേടിയ മേൽക്കൈ ഈ തരത്തിലുള്ള അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിളനിലമായി പ്രവർത്തിക്കുകയാണ്.
മതത്തെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് അഭിലഷണീയമല്ല. സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയുന്ന എല്ലാ നീക്കങ്ങൾക്കെതിരെയും ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.