മനാമ:വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം എന്ന് ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.വിദേശങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടവരും,അസുഖ ബാധിതരുമാണ്.മാസങ്ങളായി ജോലിയില്ലാതെയും ശമ്പളമില്ലാതെയും ബുദ്ധിമുട്ടുന്ന പ്രവാസികൾ തിരികെ പോകുവാൻ ടിക്കറ്റ് എടുക്കുവാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.പ്രവാസി സംഘടനകളുടെ സഹായം കൊണ്ടാണ് പലരും ടിക്കറ്റ് എടുത്ത് നാട്ടിൽ എത്തുന്നത്.ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ആലോചിച്ച് പ്രയാസപ്പെട്ട് വരുന്ന പ്രവാസികൾക്ക് സർക്കാരിന്റെ വക ഇരുട്ടടിയാണ് കോറന്റൈനുള്ള പണം കൂടി അവരവർ കണ്ടെത്തണം എന്നുള്ളത്. ഇത് പ്രതിക്ഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന വേളയിൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു അത് വെറും പാഴ് വാക്ക് ആയിരുന്നു എന്നത് പിന്നീടാണ് പ്രവാസി സമൂഹം തിരിച്ചറിഞ്ഞത്. വാഗ്ദാനങ്ങൾ നൽകുകയും അത് നടപ്പിലാക്കാതെ ഇരിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാരും കേരള സർക്കാരും മത്സരിക്കുകയാണ്.
രണ്ടര ലക്ഷം ആളുകളെ ക്വാറന്റൈൻ ചെയ്യുവാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞിട്ട് അതിന്റെ പത്ത് ശതമാനം പോലും ആളുകൾ എത്തുന്നതിന് മുൻപേ സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പരാജയമാണ് എന്നതിന്റെ തെളിവാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം എന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.