മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും സിനഡ് വിലയിരുത്തി.
കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയാണ് മസ്ക്കറ്റിൽ പ്രത്യേക സിനഡ് വിളിച്ചുചേർത്തത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കൺവീനറായ അഞ്ചംഗ ഉപദേശക സമിതിയെ, നിലവിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സിനഡ് നിയോഗിച്ചു. അതേസമയം, യാക്കോബായ സഭയ്ക്ക് എതിരായി വന്ന സുപ്രീംകോടതി വിധിയിൽ മറ്റുശക്തികളുടെ സ്വാധീനമുണ്ടായെന്നു കരുതുന്നതായി സിനഡ് വിലയിരുത്തി.
യാക്കോബായ സഭാ വിശ്വാസികൾക്കു ഭൂരിപക്ഷമുള്ള പള്ളികളും സിമിത്തേരികളും പിടിച്ചെടുക്കുന്നതിലൂടെ സ്വാഭാവികനീതി നിഷേധിക്കപ്പെടുകയാണെന്നു സിനഡ് വ്യക്തമാക്കി. അന്ത്യാക്യാ വിശ്വാസത്തിൽ പൂർണമായും നിലകൊള്ളുമെന്നും സിനഡ് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സർക്കാരിന്റെയും കത്തോലിക്കർ, മാർത്തോമ തുടങ്ങി മറ്റുക്രൈസ്തവവിഭാഗങ്ങളുടെയും പിന്തുണയ്ക്കും പാത്രിയാർക്കീസ് ബാവ നന്ദി അറിയിച്ചു.