മനാമ: വാടക നല്കാന് പണമില്ലാത്തതിനാല്‍ റൂമില്‍ നിന്നു പുറത്താക്കപ്പെട്ട തമിഴ്നാട് സ്വദേശിയായ ജറീന ഉമ്മയ്ക്ക് പവിഴദ്വീപില്‍ തണലൊരുക്കി ബഹ്റൈന്‍ കെ.എം.സി.സി. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ബഹ്റൈനില്‍ വീട്ടുജോലികളും മറ്റും ചെയ്ത് കഴിഞ്ഞുവരുന്ന ജറീന ഉമ്മ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വരുമാനമില്ലാതെ ദുരിതത്തിലായത്. വാടക നല്കാന് കഴിയാതെ വന്നതോടെ രോഗിയായ ഉമ്മയുടെ മരുന്നുകളടക്കം റൂമിനികത്തിട്ട് ഉടമ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ വീടില് അഭയം തേടുകയായിരുന്നു. ഇതിനിടയിലാണ് ബഹ്റൈന്‍ കെ.എം.സി.സിയുടെ ഹെല്പ് ഡെസ്കിലേക്ക് സഹായത്തിനായി കോള്‍ വരുന്നത്. സംഭവമറിഞ്ഞ് കെ.എം.സി.സിയുടെ നേതാക്കള്‍ ഇവരെ ബന്ധപ്പെടുകയും കെ.എം.സി.സി നേതാക്കള്‍ വാടക ഉടമയുമായി സംസാരിക്കുകയും ചെയ്തു. വാടക നിർബന്ധമായും നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ ഇതുവരെയുള്ള വാടക ഭാരവാഹികള്‍ കളക്ട് ചെയ്ത് നല്‍കുകയും വാടക വീട്ടിലുണ്ടായിരുന്ന ജറീന ഉമ്മയുടെ സാധനങ്ങളും മരുന്നുകളും തിരിച്ചുനല്‍കുകയും ചെയ്തു. പിന്നാലെ പ്രായാധിക്യം കാരണം കാഴ്ച്ച ശക്തിയടക്കം കുറഞ്ഞുവരുന്ന ജറീന ഉമ്മയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബഹ്റൈന്‍ കെ.എം.സി.സി. ചെന്നൈയിലേക്ക് വിമാന സര്‍വിസ് കുറവായതിനാല്‍ ഇവരുടെ നാട്ടിലേക്കുള്ള യാത്ര നീളുകയായിരുന്നു. ഒടുവില്‍ ചെന്നൈയിലേക്കുള്ള വിമാനം ചാര്‍ട്ടേഡ് ചെയ്തതോടെ ഇതിനും പരിഹാരമായി. ഈമാസം 28ന് ബഹ്റൈനിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ജറീന ഉമ്മ നാടണയും. ഇവരുടെ ടിക്കറ്റ് ചെലവും ബഹ്റൈന്‍ കെ.എം.സി.സിയാണ് ഏറ്റെടുത്തത്.
പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി ബഹ്റൈന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ , സെക്രട്ടറി എം.എ റഹ്മാന്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഒമാനൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ജെ.പി.കെ തിക്കോടി, കെഎംസിസി ബഹ്റൈൻ ഹെൽപ്പ് ഡസ്ക്ക് അംഗം അബ്ദുറഹ്മാന് മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്കി.