ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി ജെസ്സി നാട്ടിലേക്ക് മടങ്ങി

ഹോപ്പ് പ്രവർത്തകരുടെ ഇടപെടൽ ജീവിതത്തിന് ആശ്വാസമായി

മനാമ : ബഹ്റൈനിൽ വീട്ടുജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിനിയായ ജെസ്സി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുറച്ചുകാലമായി തൊഴിൽ ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്ന ഇവർ സഹായത്തിനായി ഹോപ്പ് സംഘടനയെ സമീപിക്കുകയായിരുന്നു.വിവരം ലഭിച്ച ഉടൻ ഹോപ്പ് പ്രവർത്തകർ നേരിട്ട് ഇവരെ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് സംഘടനയുടെ നേതൃത്വത്തിൽ ജെസ്സിക്ക് ഭക്ഷ്യ കിറ്റും ആവശ്യമായ മരുന്നുകളും എത്തിച്ചു നൽകി. അതോടൊപ്പം രണ്ടുമാസത്തേക്ക് പുതിയ ജോലി കൂടി ഒരുക്കിക്കൊടുക്കാനും സാധിച്ചു.എന്നാൽ അടുത്തിടെ ബസ് യാത്രയ്ക്കിടെ ഇറങ്ങുന്നതിനിടയിൽ വീണ് കൈക്ക് പരിക്കേറ്റ ജെസ്സിക്ക് തുടർന്ന് ജോലി തുടരാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ വീണ്ടും ഹോപ്പിനെ സമീപിച്ച ഇവർക്കായി സംഘടനയിലെ ഒരു അംഗം സൗഹൃദ കൂട്ടായ്മയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ഏറ്റെടുത്തു.ഇതിന്റെ അടിസ്ഥാനത്തിൽ ജെസ്സി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. യാത്രക്കിടെ ഹോപ്പ് അംഗങ്ങൾ എയർപോർട്ടിലെത്തി സഹോദരിയെ യാത്രയാക്കുകയും ചെയ്തു.അതേസമയം, ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ നടന്നു വരുന്ന ഹോപ്പിന്റെ ‘ഗൾഫ് കിറ്റ് ക്യാമ്പയിൻ’ വഴി ജെസ്സിക്ക് ഒരു ഗൾഫ് കിറ്റ് കൂടി നൽകാൻ സംഘടനക്ക് സാധിച്ചു. ശൂന്യകയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് ഇത്തരം സഹായങ്ങൾ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നതായി ഹോപ്പ് പ്രവർത്തകർ അറിയിച്ചു.