ദുബായ്∙ ലോകത്തെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിനു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപനം. 26 ഹാളുകളിലായി രണ്ടു ദശലക്ഷം ചതുരശ്ര അടി പ്രദർശന സ്ഥലത്ത് 5,000 പ്രദർശനക്കാരുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ നാല് ദിവസമായി നടന്ന പരിപാടിയിൽ ജനപ്രവാഹം തന്നെയുണ്ടായി.
ദുബായ് ഉപ ഭരണാധികാരിയും യുഎഇ ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൈറ്റക്സിലെ ഷാർജ ഗവ.പവലിയൻ സന്ദർശിച്ചു. ഷാര്ജ ഗവ. പവലിയൻ ഹയർ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പവലിയനെക്കുറിച്ച് വിശദീകരിച്ചു. 10 ഷാർജ സർക്കാർ സ്ഥാപനങ്ങൾ അവരുടെ പവലിയനുകളിൽ 15 പദ്ധതികളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്നു.
ഷാർജയിലെ ടൗൺ പ്ലാനിങ് ആൻഡ് സർവേ വകുപ്പ്, ഷാർജ പൊലീസ് സയൻസ് അക്കാദമി, ഷാർജ സിറ്റി മുനിസിപ്പാലിറ്റി, ഷാർജ ആർക്കിയോളജി അതോറിറ്റി, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി, കൽബ സിറ്റി മുനിസിപ്പാലിറ്റി, ഷാർജ രാജ്യാന്തര എയർപോർട്ട് അതോറിറ്റി, ഷാർജ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസ്, ഷാർജ സിറ്റി പവലിയനിൽ ഡിജിറ്റൽ ഓഫീസ് എന്നിവയാണു പങ്കെടുക്കുന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സന്ദർശനങ്ങൾ, ശിൽപശാലകൾ എന്നിവയും നടന്നു.
ജൈറ്റക്സ് ഗ്ലോബൽ 42 -ാമത് പതിപ്പിൽ ലോകത്തെ പ്രമുഖ െഎടി കമ്പനികൾ തങ്ങളുടെ ഏറ്റവും നൂതന ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ െഎടി മേഖലയും പ്രത്യേകിച്ച് കേരള ഗവ. െഎടി വിഭാഗം സജീവമായിരുന്നു. കൂടാതെ, മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ കമ്പനികളും അണിനിരന്നു. ലോകത്തെ ഏറ്റവും വലിയ െഎടി കമ്പനികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സ്റ്റാർട്ടപ്പുകൾ 400 ലേറെ രാജ്യാന്തര നിക്ഷേപകരുടെയും വിസികളുടെയും നെറ്റ്വർക്കിനൊപ്പം അവതരിപ്പിച്ചു.
സമ്മേളനങ്ങൾ, ശിൽപശാലകൾ എന്നിവയും നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5 ജി, ക്ലൗഡ്, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ബ്ലോക്ക്ചെയിൻ, ക്വാണ്ടം കമ്പ്യൂട്ടിങ്, ഫിൻടെക്, ഇമ്മേഴ്സീവ് മാർക്കറ്റിങ്, ബ്ലോക് ചെയിൻ വിദഗ്ധരുടെ സാന്നിധ്യമായിരുന്നു മറ്റൊരു സവിശേഷത. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്, ദുബായ് എയർപോർട്ടുകൾ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി, ഫോറിനേഴ്സ് അഫയേഴ്സ്ദുബായ് തുടങ്ങി ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളും അഞ്ച് ദിവസത്തെ പ്രദർശനത്തിൽ പങ്കെടുത്തു പുതിയ നേട്ടങ്ങൾ പ്രദർശിപ്പിച്ചു.