മസ്കറ്റ് : പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു കൈരളി ആര്‍ട്സ് ക്ലബ് ഒമാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിനുള്ള നിവേദനം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ചു കൊടുത്തതായി കൈരളി ഭാരവാഹികള്‍ അറിയിച്ചു. എംബസ്സികളുടെ സാമൂഹ്യക്ഷേമ ഫണ്ടില്‍ നിന്നും ഇതിനായുള്ള തുക കണ്ടത്തെണമെന്നും കൈരളി നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍പ്പം വൈകിയാണെങ്കിലും പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നാട്ടിലേക്ക് പോകാനായി രജിസ്ടര്‍ ചെയ്ത പ്രവാസികളില്‍ ഭൂരിഭാഗവും തൊഴില്‍ നഷ്ടപ്പെട്ടവരോ, ഗർഭിണികളോ, ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടനുഭവിക്കുന്നവരോ ആണ്. തുച്ഛമായ ശംബളം മാത്രം ലഭിച്ചിരുന്ന പലരും കഴിഞ്ഞ രണ്ടു മാസത്തിലേറെയായി യാതൊരു വരുമാനവുമില്ലാതെയാണ് ജീവിക്കുന്നത് എന്നത് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും കൈരളി ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്നവര്‍ കൊവിഡ് 19 ടെസ്റ്റ് നടത്തണമെന്ന നിബന്ധന കൂടി വരികയാണെങ്കില്‍ ഇതിനായുള്ള ചെലവും എംബസ്സി വഹിക്കണം. ആരോഗ്യസേതു ആപ്പ് പോലുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിര്‍ബന്ധബുദ്ധി അവസാനിപ്പിക്കേണ്ടതുണ്ട്. നാട്ടിൽ പോകാൻ സഹായിക്കണമെന്ന ആവശ്യവുമായി നിരവധിപ്പേർ ഒമാനിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കൈരളി പ്രവർത്തകരെ ബന്ധപ്പെടുന്നുണ്ട്. ഗർഭിണികൾ, വിവിധ രോഗങ്ങൾക്ക് തുടർ ചികിത്സ നടത്താനായി നാട്ടിൽ പോകാൻ സാധിക്കാത്തവർ, കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർ എന്നിങ്ങനെ വിവിധ വിഭാഗത്തിൽ പ്പെടുന്ന നൂറുകണക്കിനാളുകളാണ് ദിനംപ്രതി വിളിച്ച് കൊണ്ടിരിക്കുന്നത്. നിലവിൽ കേരളത്തിലെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത് . മറ്റ് വിമാനത്താവളങ്ങളിലേക്കും എത്രയും പെട്ടെന്ന് തന്നെ യാത്രാ സൗകര്യമൊരുക്കണമെന്നും കൈരളി ആവശ്യപ്പെട്ടിട്ടുണ്ട്. ഒമാനിലെ മറ്റ് സംഘടനകളും ഈ ആവശ്യങ്ങൾക്കായി ഒരുമിച്ച് ശബ്ദമുയർത്താൻ തയ്യാറാകണം. കഴിഞ്ഞ ഒരു മാസമായി ഒമാനിലെ കൈരളി പ്രവർത്തകർ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് സഹായമെത്തിച്ചുകൊണ്ടിരിക്കുന്നു. മാസ്കുകൾ നിർമ്മിച്ച് മത്രയിലെ നിരവധിയായ സാധാരണ തൊഴിലാളികൾക്ക് എത്തിച്ച് കൊണ്ട് തുടങ്ങിയ പ്രവർത്തനം ഇപ്പോൾ എണ്ണായിരത്തി അഞ്ഞൂറിലേറെ പേർക്ക് ഭക്ഷണമെത്തിക്കുന്നതില്‍ എത്തിയിരിക്കുന്നു. 600 ലേറെ വളണ്ടിയർമാർ സലാല മുതൽ മസ്കറ്റ് വരെ വിവിധ മേഖലകളില്‍ രംഗത്തുണ്ട്. മരുന്നുകളായും ഭക്ഷ്യധാന്യങ്ങളായും കൈരളി പ്രവർത്തകരുടെ സഹായങ്ങൾ പലരെയും തേടിയെത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും സന്മനസ്സുകളും നല്‍കുന്ന ഭക്ഷണകിറ്റുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. അതോടൊപ്പം തന്നെ എംബസ്സിയില്‍ നിന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വഴി ലഭിക്കുന്ന കിറ്റുകളും കൈരളി വളണ്ടിയര്‍മാര്‍ വിതരണം ചെയ്യുന്നു. ഇന്ത്യന്‍ എംബസ്സി നല്‍കുന്ന കിറ്റുകള്‍ ആവശ്യക്കാരുടെ എണ്ണവുമായി കൂട്ടി ചേര്‍ക്കുമ്പോള്‍ ഏറെ തുച്ഛമാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾ വിശക്കുന്ന വയറുകൾക്ക് വിലങ്ങുതടിയാകരുത് എന്ന ഉത്തമ ബോധ്യത്തോടെയാണ് കൈരളി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. മലയാളികൾക്ക് പുറമെ രാജസ്ഥാനി, ആന്ധ്രപ്രദേശ്, തെലങ്കാനാ സ്വദേശികളും നിരവധി ബംഗ്ലാദേശി – പാക്കിസ്ഥാൻ സ്വദേശികളും ഭക്ഷണത്തിനായി സമീപിക്കുന്നുണ്ട്, ആരെയും വെറും കയ്യോടെ തിരിച്ചയക്കുന്നില്ല. സഹായം അർഹിക്കുന്നവരാണെങ്കിൽ തീർച്ചയായും നൽകിയിരിക്കും. ലോക്ഡൗൺ അവസാനിക്കുന്നത് വരെയും ഈ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കൈരളി ഭാരവാഹികള്‍പ്രസ്താവനയില്‍ അറിയിച്ചു.