മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഇൗ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരന് എം.എൻ. കാരശ്ശേരിക്ക് സമ്മാനിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. സമ്മാനത്തുകയായ ഒരു ലക്ഷം രൂപ വാളയാർ പെൺകുട്ടികളുടെ മാതാവിന് കൈമാറുമെന്ന് കാരശ്ശേരി മറുപടി പ്രസംഗത്തിൽ അറിയിച്ചു. പൊലീസ് അന്വേഷണം നിരുത്തരവാദപരമായതിനാലാണ് ഇങ്ങനെയൊരു കോടതിവിധി ഉണ്ടായത്എന്നും പൊലീസ് നടപടിയിലെ പ്രതിഷേധമായും വാളയാറിലെ നിര്ഭാഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലുമാണ് അവാർഡ് തുക കൈമാറാൻ തീരുമാനിച്ചതെന്നും കാരശ്ശേരി പറഞ്ഞു.മലയാള വിഭാഗം കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഇന്ത്യൻ സോഷ്യൽക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ മലയാള വിഭാഗം കൺവീനർ ഏബ്രഹാം മാത്യുവാണ് പുരസ്കാരം സമ്മാനിച്ചത്. ഒമാനി കവി സാഹിർ അൽ ഗാഫ്രി പ്രത്യേക അതിഥിയായിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി ഇ.ജി. മധുസൂദനൻ, കോ. കൺവീനർ പി. ശ്രീകുമാർ, സാഹിത്യ വിഭാഗം ജോ. സെക്രട്ടറി മനോഹരൻ എന്നിവരും സംബന്ധിച്ചു. മോഹിനിയാട്ടം, മാർഗംകളി, ഒപ്പന, നാടൻപാട്ട് തുടങ്ങിയ പരിപാടികളും നടന്നു.