പുനർജന്മം

അനിത രഞ്ജിത്

കനലുകൾ ആറിയിലുള്ളിലിന്നും
ചെറുതീകണമവിടെ നോവുന്നുണ്ട്
അവളെൻ കളിക്കൂട്ടുകാരിയല്ല
അവളെൻ ബാല്യസഖിയുമല്ല

കൗമാര വേളകൾ പിന്നിട്ട വഴികളിൽ
കൂടെ നടപ്പാനെൻ ചാരെയെത്തി
ഇന്നും വരാറുണ്ടെന്നരികിലവൾ
സ്വപ്നത്തിൻ ചിറകേറിയാണെന്നുമാത്രം

ഒരു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴുമെൻ
ഓർമ്മകൾ മാഞ്ഞിടാതിന്നുമെന്നും
ഒരു നോക്കു കാണുവാൻ വെമ്പുമെന്നുള്ളമോ
ഒരു ഛായ ചിത്രത്തിലുടക്കി നിൽക്കും

അലസമായ് പാറിയ ചുരുൾമുടികൾ
അവൾകോതിവെക്കുകില്ലായിരുന്നു
അഴകുള്ള നയനമാണവളുടേത്
അതിലവൾ മഷിതേക്കുകില്ലായിരുന്നു

ഇരുൾപരന്നീടുമാ വൈകിയ സന്ധ്യയിൽ
ഇടവഴികൾതൻ വീഥിയിൽ വാതോരാതെ
കണ്ടീടാം വീണ്ടുമെന്നുറപ്പിൽ നാമോ
യാത്രചൊല്ലി പിരിയാറുണ്ടായിരുന്നു

ഇക്കാലചക്രം തേഞ്ഞെത്തിനില്ക്കും
വേളയിൽ നീ വന്നണഞ്ഞതില്ല
നീ നടന്നകന്നൊരാ കാല്പാടുകളോ
കീറിമുറിച്ചും അറുത്തു തിന്നും
ഇവിടങ്ങളിലായ് അലഞ്ഞീടുന്നു

ആ നാലുകെട്ടിൻ അകത്തളത്തിൽ
എന്തേ നീയലിഞ്ഞില്ലാതെയായ്
അന്നു നിൻ പാദുകം ചേർത്തണച്ചു വിങ്ങും
അമ്മതൻ വിങ്ങൽ നീ അറിഞ്ഞേയില്ല

പുതിയകുപ്പായമണിഞ്ഞു കാണും
പുതിയൊരു ദേഹവും ദേഹിയുമായ്
ഇവിടങ്ങളിലെവിടെയോ സുഖമായി നീ
മരുവേണമെന്നു കൊതിച്ചീടുന്നു

സാന്ത്വനിച്ചീടാനൊരുപായമുണ്ട്
ഇനിയും നീ വരുമെന്റെ സ്വപ്നങ്ങളിൽ
അവിടെനാം കൈകോർത്തിടും പഴയപോലെ
ഊറി ചിരിച്ചീടുന്ന നിൻ മുഖമോ
കണ്ടിടും ചേതനയോടുതന്നെ

ഇരുതുള്ളികളൂർന്നടർന്നു വീണെൻ
താളുകളിൽ പടരുന്നതറിഞ്ഞീടുന്നു
പൂർണ്ണ വിരാമമിടാതെ നിർത്തീ ഞാനും
എൻ കാല ചിത്രത്തിലവൾ മായാതിരിപ്പാൻ.