ബഹ്‌റൈൻ : കെ. സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം കെ. സി. എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022” ജനുവരി 22 ന് വിജയകരമായി പൂർത്തീകരിച്ചതായി കെ. സി. എ ഭാരവാഹികൾ അറിയിച്ചു. ഏതാണ്ട് രണ്ടു മാസം നീണ്ടുനിന്ന മത്സരങ്ങളിൽ 800 ഓളം കുട്ടികൾ പങ്കെടുത്തു.
ഡിസംബർ 2 ന് ടൈറ്റിൽ സ്പോൺസറായ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥന്റെ സാന്നിധ്യത്തിൽ ബഹുഃ കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനും ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നടത്തി. ദേശഭക്തിഗാന മത്സരത്തോടെയാണ് മത്സര ഇനങ്ങൾ ആരംഭിച്ചത്.
പങ്കെടുത്ത കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിരുന്നു, എല്ലാ ഗ്രൂപ്പുകളിലുമായി ഏകദേശം 200 മത്സര ഇനങ്ങൾ ഉണ്ടായിരുന്നു.അഞ്ച് വേദികളിലായി മത്സരങ്ങൾ നടന്നു. ടീം ഇനങ്ങളെ ജൂനിയേഴ്സ്, സീനിയേഴ്സ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു, ഇതിൽ പങ്കെടുത്തവരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.12 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പങ്കാളിത്തം ലഭിച്ചത്. 345 പേർ പങ്കെടുത്ത ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി. ഏഷ്യൻ സ്കൂളും (162) തൊട്ടുപിന്നിലുണ്ട്.ഗ്രാൻഡ് ഫിനാലെയും, അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും ജനുവരി 27 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് നടക്കും. ഇന്ത്യയിലെ പ്രശസ്ത സിനിമ നടിയും പിന്നണിഗായികയും ഡാൻസറുംആയ കലാകാരി ശ്രീമതി രമ്യാ നമ്പീശൻ അവാർഡുദാനം നിർവഹിക്കുമെന്ന് ”ഇന്ത്യൻ ടാലന്റ് സ്കാൻ” ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
“കലാതിലകം” പട്ടം 76 പോയിന്റു നേടിയ ന്യൂ ഇന്ത്യൻ സ്കൂളിലെ ആരാധ്യ ജിജേഷും, “കലാപ്രതിഭ” പട്ടം 63 പോയിന്റുമായി ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത്തും കാരസ്ഥാമാക്കി.നൃത്തം, ഗാനം, കല, സാഹിത്യം, ആഡ്-ഓൺ ഇനം എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത ഏതെങ്കിലും മൂന്ന് വിഭാഗങ്ങളിൽ സമ്മാനം നേടിയവരെ ആണ് ഈ അവാർഡുകൾക്കായി പരിഗണിച്ചത്.
അതുപോലെ തന്നെ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡുനിർണയത്തിനും മാനദണ്ഡം നിശ്ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അഞ്ചാം ഗ്രൂപ്പിൽ നിന്നും ചാമ്പ്യൻഷിപ്പ് അവാർഡിന് ആരും അർഹത നേടിയില്ല. ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ്പ് അവാർഡ് 59 പോയിന്റുമായി ഇന്ത്യൻ സ്കൂളിലെ അദ്വിക് കൃഷ്ണ നേടിയപ്പോൾ, ഗ്രൂപ്പ് 2 ചാമ്പ്യൻഷിപ്പ് അവാർഡ് 43 പോയിന്റുമായി ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ഇഷാനി ദിലീപ് കരസ്ഥമാക്കി. ഗ്രൂപ്പ് 3 ചാമ്പ്യൻഷിപ്പ് അവാർഡ് 57 പോയിന്റുമായി ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ ഇഷ ആഷികും ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ്പ് അവാർഡ് 62 പോയിന്റുമായി ഏഷ്യൻ സ്കൂളിലെ ഗായത്രി സുധീറും കരസ്ഥമാക്കി.
കെ. സി. എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക “കെ. സി. എ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്” ജൊഹാൻ ജോസഫ് സോബിൻ (ഗ്രൂപ്പ്-1, പോയിന്റ് 39), ഏഞ്ചൽ മേരി വിനു (ഗ്രൂപ്പ്-3, പോയിന്റ് 51), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്പ്-4, പോയിന്റ് 35), എന്നിവർ കരസ്ഥമാക്കി.
“നാട്യ രത്‌ന അവാർഡ്” നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്‌കൂളിലെ ഐശ്വര്യ രഞ്ജിത്ത് തരോൾ 57 പോയിന്റു നേടി ഈ അവാർഡിന് അർഹയായി. ശാസ്ത്രീയ നൃത്ത മത്സരങ്ങൾക്കുള്ള എല്ലാ വിധികർത്താക്കളും ഇന്ത്യയിൽ നിന്നും വന്നവരായിരുന്നു.ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീദക്ഷ സുനിൽ ഗാനാലാപന വിഭാഗത്തിൽ നിന്ന് 74 പോയിന്റുമായി സംഗീത രത്‌ന അവാർഡ് നേടി.
സാഹിത്യ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്‌ന അവാർഡ് ഏഷ്യൻ സ്കൂളിലെ ഷൗര്യ ശ്രീജിത് (48 പോയിന്റ്) കരസ്ഥമാക്കി.
ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽ നിന്ന് 28 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ദിയ അന്ന സനു കലാ രത്‌ന അവാർഡിന് അർഹയായി.
മികച്ച നൃത്ത അധ്യാപക അവാർഡ് – കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന
ഈ അവാർഡിന് അർഹനായത് ശ്രീ പ്രശാന്ത് കെ. ആണ്. ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വ്യക്തിഗത, ടീം ഇനങ്ങളിൽ നേടിയതിന്റെയും, ഗ്രേഡിന്റെയും, കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ നേടിയ പോയിന്റുകൾ ആണ് ഈ അവാർഡിന് മാനദണ്ഡം.
അതുപോലെ തന്നെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ സംഗീത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഈ വർഷം ഏർപ്പെടുത്തിയ മികച്ച സംഗീത അധ്യാപക അവാർഡിന് അർഹനായത് ശ്രി ശശി പുളിക്കശ്ശേരി ആണ്.കോവിഡ് ബ്രേക്കും അതുപോലെ സ്കൂൾ പരീക്ഷയും ഉണ്ടായിട്ടും ഏതാണ്ട് കഴിഞ്ഞ വർഷത്തെ അത്രയും തന്നെ പങ്കാളിത്തമാണ് ഈ വർഷം ഉണ്ടായിട്ടുള്ളതെന്നും “കെ. സി. എ ഇന്ത്യൻ ടാലന്റ് സ്കാൻ” ബഹ്‌റൈനിലെ ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രതിഭ മാറ്റുരക്കപ്പെടുന്ന പ്രധാന വേദിയായി മാറിയിരിക്കുന്നു വെന്നും കെ. സി. എ പ്രസിഡന്റ് ശ്രി നിത്യൻ തോമസ് പറഞ്ഞു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്പോൺസേഴ്‌സിനും നന്ദി അറിയിക്കുന്നു എന്ന് ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അറിയിച്ചു. 27 ന് നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ 660 ലധികം ട്രോഫികൾ വിതരണം ചെയ്യും.