ബഹ്‌റൈൻ : കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ നടന്നുവരുന്ന കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടികളുടെ പ്രചരണാർത്ഥം, സീഫിലെ റമദാ ഹോട്ടലിൽ വെച്ച് നടന്ന ‘പ്രവാസി മീറ്റിൽ’ സംബന്ധിക്കാനായി സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബഹ്‌റൈനിൽ എത്തി. കെ.എസ്.എഫ്.ഇ. ചെയർമാൻ വരദരാജൻ, മാനേജിങ് ഡയറക്ടർ സനൽ എന്നിവരുൾപ്പെടുന്ന വലിയ ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ അനുഗമിച്ചിരുന്നു. പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാജി മൂത്തല ഉൾപ്പെടെ മറ്റ് പ്രതിഭ ഭാരവാഹികളും പ്രവർത്തകരും മന്ത്രിയെയും സംഘത്തെയും ബഹ്‌റൈന്‍ എയർപോർട്ടിൽ സ്വീകരിച്ചു.വൈകിട്ട് റമദാ ഹോട്ടലിൽ വെച്ച് നടന്ന ‘പ്രവാസി മീറ്റ്’ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉത്ഘാടനം ചെയ്‌തു. കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ സനൽ എസ്.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദാരാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. യു.പി. ജോസഫ്, എം.സി. രാഘവൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈൻ പ്രവാസലോകത്തെ നിരവധി സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സായിരുന്നു. സദസ്സിൽ നിന്നും ഉയർന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മാനേജിങ് ഡയറക്ടർ സനൽ മറുപടി പറഞ്ഞു. കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി സർക്കാർ ഗ്യാരന്റിയുള്ള ഇന്ത്യയിലെ ഏക ചിട്ടിയാണ്. കെ.എസ്.എഫ്.ഇ. ചിട്ടി ഡെപ്യൂട്ടി ജനറൽ മാനേജർ കൃതജ്ഞത രേഖപ്പെടുത്തി. സമ്പാദ്യത്തിനും വായ്പയെടുക്കാനും ഒരുപോലെ സൗകര്യമുള്ള കെ.എസ്.എഫ്.ഇ. ചിട്ടി, പ്രവാസികൾക്ക് ഏറെ ഗുണകരവും സൗകര്യപ്രദമാണെന്നും പ്രവാസി മീറ്റ് വിലയിരുത്തി.