കേരള സർക്കാർ – മലയാളം മിഷൻ പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന്

മനാമ: മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങങ്ങളെ മുൻനിർത്തി, മലയാളി പ്രവാസി സംഘടനകൾക്കായി കേരള സർക്കാർ-മലയാളം മിഷൻ, ആഗോളതലത്തിൽ ഏർപ്പെടുത്തിയ “സുഗതാഞ്ജലി പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന് ലഭിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്.പ്രവാസി മലയാളി കൂട്ടായ്മ എന്ന നിലയിൽ പ്രവാസ മേഖലയിൽ മലയാളിക്ക് നൽകുന്ന സാംസ്കാരികവും സാമൂഹികവുമായ പിന്തുണയ്ക്കാണ് സമാജത്തിനെ പുരസ്കാരം നൽകുന്നതിനായി തെരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പ്രശസ്ത കവിയും ഐ.എം.ജി. ഡയറക്ടറുമായ ശ്രീ. കെ. ജയകുമാര്‍, നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ. പി.കെ. രാജശേഖരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ ശ്രീ. മുരുകന്‍ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.1947 ൽ രൂപം കൊണ്ട പ്രവാസ ഭൂമിയിലെ ആദ്യത്തെ മലയാളി സാംസ്കാരിക കൂട്ടായ്മയാണ് ബഹ്റൈൻ കേരളീയ സമാജം,മാതൃഭാഷാ പഠനത്തിനായി കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി ഇവിടെ മലയാളം പാഠശാല പ്രവർത്തിക്കുന്നു. ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ മാതൃഭാഷ പഠന കേന്ദ്രമാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു .കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ ആരംഭിച്ചത് മുതൽ മിഷൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ,2011 ൽ ഇന്ത്യക്ക് പുറത്തെ ആദ്യ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജമാണ്.ലോകത്തിൽത്തന്നെ ഒരേസമയം ഏറ്റവുമധികം പഠിതാക്കൾ മാതൃഭാഷ പഠനത്തിനായി എത്തുന്ന പഠനകേന്ദ്രവും, കണിക്കൊന്ന സൂര്യകാന്തി ആമ്പൽ നീലക്കുറിഞ്ഞി എന്നീ മലയാളം മിഷന്റെ നാല് കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഇന്ത്യക്ക് പുറത്തെ ഏക പഠന കേന്ദ്രവും ബഹ്റൈൻ കേരളീയ സമാജമാണ്.മലയാളം മിഷൻ ആഗോളതലത്തിൽ ആദ്യമായി നടപ്പാക്കുന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരത ദൗത്യമായ ‘വിശ്വമലയാളം’ പദ്ധതിയുടെ ഏകോപനം നിർവ്വഹിക്കുന്നതും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നോഡൽ സെൻ്ററായി പ്രവർത്തിക്കുന്ന സമാജം കേന്ദ്രികരിച്ചാണ്. കേരള സർക്കാരിൻ്റെ പ്രവാസികാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൻ്റെ വിദേശ രാജ്യത്തെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജത്തിലാണ്.കേരള ഫോക്ലോർ അക്കാദമി,കേരള സാഹിത്യ അക്കാദമി , കേരള സംഗീത നാടക അക്കാദമി തുടങ്ങിസംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സാംസ്കാരിക വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുള്ള ഏക പ്രവാസി സംഘടനയുമാണ് ബഹ്റൈൻ കേരളീയ സമാജം.അന്താരാഷ്ട്ര പുസ്തകമേള, ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക്കൽ ഫെസ്റ്റ്, ഇൻറർനാഷണൽ ചലഞ്ച് ബാൻഡ്മിൻറൺ ടൂർണമെൻ്റ്, ജി.സി.സി ബാലകലോത്സവം, ഓണാഘോഷം, സാഹിത്യ പുരസ്കാരം, വേനൽ അവധി ക്യാമ്പ്, തുടങ്ങി ആഗോളതലത്തിൽത്തന്നെ ശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തി സമാജം ഓരോ വർഷവും നടത്തി വരുന്നത്. കൂടാതെ അംഗങ്ങൾക്കായുള്ള വെൽഫെയർ സ്കീമും, നാട്ടിൽ നടപ്പാക്കി വരുന്ന ഭവന നിർമ്മാണ പദ്ധതിയും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ്.സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച ഈ പുരസ്കാര ലബ്ധിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും, കേരളീയ സമാജം, കഴിഞ്ഞ 75 വർഷമായി നടത്തി വരുന്ന ഭാഷാപരവും സാംസ്കാരികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും, സമാജത്തിലെ എല്ലാ ഭാഷാ പ്രവർത്തകർക്കും അംഗങ്ങൾക്കുമായി പുരസ്കാരം സമർപ്പിക്കുന്നുവെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. കൂടുതൽ വിപുലമായ രീതിയിൽ ഭാഷാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ പുരസ്കാരം ഊർജ്ജം നൽകുമെന്നും പുരസ്കാരത്തിനായി സമാജത്തെ തെരഞ്ഞെടുത്ത കേരള സർക്കാരിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു.ഈ മാസം 21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.