മനാമ: ബഹ്റൈൻ പ്രതിഭയുടെ ചിത്രകലാപരിപാടിയായ പാലറ്റ് 2024 സീസൺ- 4 ചിത്രകല ക്യാമ്പ് ഡയറക്ടർ ആയാണ് മുരളി ചിരോത്ത് ബഹ്റൈനിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് അദ്ലിയയിലുള്ള സീഷെൽ ഹോട്ടൽ ഹാളിൽ തുടർച്ചയായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചിത്രകലാ ക്യാമ്പ് മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും.പാലറ്റ് 2024 സീസൺ – 4 ന് വിപുലമായ പരിപാടികൾ ആണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.മെയ് 31 ന് രാവിലെ 5 നും 16 നും ഇടയിലെ ആയിരത്തോളം വിദ്യാർത്ഥികൾ അദാരി പാർക്കിൽ പ്രത്യേകം തയ്യാർ ചെയ്ത ഹാളിൽ ചിത്ര രചന മത്സരത്തിൽ പങ്കെടുക്കും. പ്രതിഭ പാലറ്റ് – സീസൺ – 4 ഭാഗമായി മത്സര ഹാളിനോട് ചേർന്ന് പ്രദർശിപ്പിക്കുന്ന നാല്പതോളം ചിത്രകാരൻമാരുടെ വിവിധങ്ങളായ ചിത്രങ്ങളുടെ ആർട്ട് ഗാലറിയുടെ ഉദ്ഘാടനം മത്സരദിനം രാവിലെ 10 മണിക്ക് BKS സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ നിർവഹിക്കും.തുടർന്ന് അന്നേ ദിവസം അഞ്ച് മണിക്ക് “ഒരുമ ” എന്ന വിഷയത്തെ അധികരിച്ച് തൽസമയ സാമൂഹ്യ ചിത്രരചന ആരംഭിക്കും. ബഹ്റൈനിൻ്റെ നാനാ തുറകളിൽ പെട്ട കലാകാരൻമാരും കലാകാരികളുമായിരിക്കും നൂറ് മീറ്ററിൽ പ്രത്യേകം തയ്യാർ ചെയ്യുന്ന സമുഹ ചിത്ര രചനയിൽ പങ്കെടുക്കുന്നത്.” കളർ ഓഫ് ദ് ഈസ്റ്റ് ” സ്ഥാപകനും ബഹ്റൈനിലെ അറിയപ്പെടുന്ന ആർക്കിടെക്റ്റും, ചിത്രകാരനുമായ മഹദി അൽ ജലാവി ഈ പരിപാടി ഉദ്ഘാടനം ചെയ്യും.മെയ് 31 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന കലാ പരിപാടികളോടു കൂടിയുള്ള ഗ്രാൻറ് ഫിനാലെയിൽ ബഹ്റൈൻ പാർലമെൻ്റ് സതേൺ ഗവർണറേറ്റ് അംഗം ഡോ: മറിയം അൽദാൻ മുഖ്യാതിഥി ആയിരിക്കും.കേരള ലളിത കലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ മുരളി ചീരോത്തിനെ ബഹ്റിന് എയർപോര്‍ട്ടില്‍ സ്വീകരിക്കാന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണില്‍, പാലറ്റ് സീസണ് 4 സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ: ജോയ് വെട്ടിയാടന്‍, പ്രതിഭ കേന്ദ്ര കലാവിഭാഗം സെക്രട്ടറി പ്രജില്‍ മണിയൂര്‍, വൈസ് പ്രസിഡെണ്ട് നൌഷാദ് പൂനൂര് മുഹറഖ് മേഖല സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായ ബിനു കരുണാകരന് എന്നിവര്‍ സന്നിഹിതരായിരുന്നു.