അരങ്ങൊഴിഞ്ഞത് കേരള കരയുടെ സ്വന്തം അഭിനയപ്രതിഭ

By : BT

ബഹ്‌റൈൻ : നെടുമുടി വേണു (73) ഓർമയായി.ഏതു ഒരു കഥാപാത്രവും സ്വന്തം അഭിനയ ശൈലിയിലൂടെ വെത്യസ്തനാക്കാനുള്ള  കഴിവ് നില നിർത്തിയിരുന്ന അദ്ദേഹം കഥാപാത്രത്തെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ എന്നും ഒരു പിടി മുന്നിൽ നിൽക്കുന്ന ചുരുക്കം കലാകാരന്മാരിൽ അതുല്യ പ്രതിഭയെ ആണ് മലയാളകരക്ക്‌ നഷ്ടമായത്.നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി സിനിമ ലോകത്തു നിറഞ്ഞ ആടിയ ഈ കുട്ടനാട്ടുകരൻ കാരക്ടർ റോളുകളും തമാശ വേഷങ്ങളും നിറഞ്ഞാടി .ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വേറൊരാളും അനുകരിക്കാത്ത അഭിനയ ശൈലിയും വെത്യസ്തമായ പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ ഈ കുട്ടനാട്ടുകാരന് കഴിഞ്ഞു. മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും ആറുവട്ടം സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമക്ക് ഒരു വലിയ നഷ്ട്ടം തന്നെ ആണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത് .ഭാര്യ ടി.ആർ. സുശീല. ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.എന്നി രണ്ട് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം .

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു നെടുമുടി വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം.കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു രംഗ പ്രവേശം നടത്തിയത് . കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചിരുന്നു . കാവാലം നാരായണപ്പണികരുമായി ചേർന്ന് നാടകസംഘത്തിൽ പ്രവർത്തിച്ചു . കൂടാതെ ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. അതിനു ശേഷം തിരുവന്തപുരത്തു പ്രവർത്തനം കേന്ദ്രികരിച്ചു . തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹം സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് . അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം ആരംഭിച്ചത് . അതിനു ശേഷം ഭരതന്റെ ആരവവും തകരയും വേണു എന്ന കലാകാരനെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവി ത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കൂടാതെ ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു .കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് . ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനതപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം . സംസ്കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും . കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ കുട്ടനാട്ടുകാരൻ ഇനി മലയാളിയുടെ ഓര്മയിലുടെ ജീവിക്കും ..