മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ മുഴുനീള നാടകം “അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി എൻ ശശിധരൻ രചിച്ച നാടകത്തിനു രംഗാവിഷ്കാരമൊരുക്കിയത് മസ്കറ്റിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറയാണ്.
കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഏറെ അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയായിരുന്നു “അടുക്കള”. പ്രവാസികളായ കലാകാരൻമാർ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
ഷീനയും സുനില്‍ ദത്തും മുഖ്യ വേഷമിട്ട നാടകത്തിൽ എന്‍ പി മുരളി, വേണുഗോപാല്‍, രെഞ്ജു അനു, സൌമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂര്‍, മോഹന്‍ കരിവെള്ളൂര്‍, വിനോദ് ഗുരുവായൂര്‍, മാസ്റ്റര്‍ ഹൃദത് സന്തോഷ്, കുമാരി ഇഷാനി വിനോദ്, കുമാരി വാമിക വിനോദ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും സംഗീതം സതീഷ് കണ്ണൂരും നൽകി. രംഗപടമൊരുക്കിയത് റെജി പുത്തൂരായിരുന്നു.
മസ്കറ്റിലെ നാടക വേദിയില്‍ സജീവമായിരുന്ന കേരള വിഭാഗം, മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ചിരുന്ന നാടകോത്സവങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്നു. കേരള സംഗീത നാടക അക്കാദമി മസ്കറ്റിൽ സംഘടിപ്പിച്ച നാടക മത്സരത്തിലും പ്രേക്ഷക ശ്രദ്ധ നേടിയ നാടകം അവതരിപ്പിക്കുവാൻ കേരള വിഭാഗത്തിന് കഴിഞ്ഞിരുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം, സ്കൂൾ ബോർഡ് മുൻ ഫിനാൻസ് ഡയരക്ടർ അംബുജാക്ഷൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, കേരള വിഭാഗം കോ കൺവീനർ പ്രസാദ്, സംഘാടക സമിതി കൺവീൻ റെജു മറക്കാത്ത്, മലയാളം മിഷൻ ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും ഫലകങ്ങൾ നൽകി ആദരിച്ചു.