ഖരീഫ് ഫെസ്​റ്റിവൽ റദ്ദാക്കി

മസ്​കറ്റ് : സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളകളിൽ ഒന്നായ സലാല ടൂറിസം ഫെസ്​റ്റിവൽ ഇൗ വർഷം ഉണ്ടായിരിക്കില്ല. കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ ഇൗ വർഷത്തെ ഫെസ്​റ്റിവൽ റദ്ദാക്കാൻ ദോഫാർ നഗരസഭ തീരുമാനിച്ചത്​. എല്ലാ വർഷവും ജൂലൈ മുതൽ ഒരു മാസം നടക്കുന്ന ഫെസ്​റ്റിവലിൽ പങ്കെടുക്കാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ്​ അറബ്​ രാജ്യങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ്​ സലാല അടങ്ങുന്ന ദോഫാർ ഗവർണറേറ്റിൽ എത്താറുള്ളത്​. ജൂൺ അവസാനം മുതൽ ആഗസ്​റ്റ്​ അവസാനം വരെയുള്ള ഖരീഫ്​ എന്നറിയപ്പെടുന്ന മഴക്കാലത്തി​ന്റെ ഭാഗമായാണ്​ ഫെസ്​റ്റിവൽ നടക്കാറുള്ളത്​. ഗൾഫ് മുഴുവനും ചുട്ടുപൊള്ളുമ്പോൾ സലാലയിൽ മൺസൂൺ മഴലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രതേകത. കഴിഞ്ഞ വർഷം ഖരീഫ്​ മഴക്കാലം ആസ്വദിക്കാനും ടൂറിസം ഫെസ്​റ്റിവലിൽ പങ്കെടുക്കാനുമായി ഏഴലക്ഷത്തിലധികം പേരാണ്​ സലാലയിൽ എത്തിയത്​. സലാലയിലെ മലയാളികളടക്കം കച്ചവടക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണാണ്​ ഖരീഫ്​ സീസൺ. ഈ സീസണിൽ കച്ചവടം ചെയ്യാൻ വേണ്ടിമാത്രം വരുന്ന നിരവധി മലയാളികളും ഇവിടെ ഉണ്ട് . ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്​മെന്റുകൾ തുടങ്ങി വിവിധ മേഖലകളിലെ ബിസിനസ്​ സ്​ഥാപനങ്ങൾക്ക്​ ഒപ്പം കൃഷിതോട്ടങ്ങൾ പാട്ടത്തിന്​ എടുത്ത്​ നടത്തുന്നവരും എന്തുചെയ്യണമെന്നറിയാക്കതെ പകച്ചുനിൽക്കുകയാണ്​.