“ഖുബൂസ്” – പുസ്തക പരിചയപ്പെടുത്തൽ ശ്രദ്ധേയമായി

മനാമ: പ്രവാസി എഴുത്തുകാരായ നൗഷാദ് മഞ്ഞപ്പാറയും കെ. വി. കെ. ബുഖാരിയും രചന നിർവഹിച്ച് ഒപ്പം ഗൾഫ് മേഖലയിലെ ഏതാനും എഴുത്തുകാരുടെ രചനകൾ കൂടി ഉൾപ്പെടുത്തി ലിപി ബുക്സ് പ്രസിദ്ധീകരിച്ച “ഖുബൂസ്” എന്ന പ്രവാസി അനുഭവസമാഹാര പുസ്തകത്തിനെ ബഹ്‌റൈനിൽ പരിചയപ്പെടുത്തുന്ന ചടങ്ങ് ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രസ്തുത പുസ്തകത്തിൽ ബഹ്റൈനിൽ നിന്നും എഴുതിയ നൗഷാദ് മഞ്ഞപ്പാറ, കെ.ടി.സലിം, ആമിന സുനിൽ എന്നിവർ സമാജം ലൈബ്രറിക്കുള്ള ആദ്യ കോപ്പി പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർക്ക് കൈമാറി. ബിജു. എം. സതീഷ് പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.

ബഹ്‌റൈനിലെ സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ: പി. വി. ചെറിയാൻ, സുബൈർ കണ്ണൂർ, എബ്രഹാം ജോൺ, എം സി അബ്ദുൽ കരീം, ഫ്രാൻസിസ് കൈതാരത്ത്, അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, അരുൾദാസ്, ജമാൽ നദവി, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, നിസാർ കൊല്ലം, സുധീർ തിരുനിലത്ത്, അസീൽ അബ്ദുറഹ്മാൻ, ജ്യോതിഷ് പണിക്കർ, ഷംസു കൊച്ചിൻ, വിനു കുന്നന്താനം, നവാസ് കുണ്ടറ, ഗിരീഷ് കാളിയത്ത്, സുനിൽ ബാബു, സലിം തയ്യിൽ, സയ്യിദ് ഹനീഫ്, സകീർ ഹുസൈൻ, മജീദ് തണൽ,രാജേഷ് ചേരാവള്ളി, സത്യൻ പേരാമ്പ്ര എന്നിവരും, വിവിധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു. പടവ് കുടുംബവേദി, മൈത്രി അസോസിയേഷൻ, കാൻസർ കെയർ ഗ്രൂപ്പ് എന്നീ സംഘടനകൾ ബഹ്റൈനിൽ നിന്നും പുസ്തകത്തിൽ എഴുതിയവരെ ആദരിച്ചു.

പ്രവാസം പറഞ്ഞ ഹൃദയകഥകളുടെ സമാഹരമായ ഖുബൂസിന്റെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം കവടിയാർ അജന്ത ഭവനിൽ ഒക്ടോബർ 10 ന് കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചിരുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലും നവംബർ 13 ന് ഈ പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്. പ്രവാസത്തിന്റെ ആത്മാവും, പ്രവാസിയുടെ ആത്മകഥയും അടങ്ങുന്ന ഖുബൂസിന് അവതാരിക എഴുതിയിരുന്നത് പി. സുരേന്ദ്രൻ ആണ്. പി.കെ. പാറക്കടവ് ആമുഖം എഴുതിയ ഈ പുസ്തകത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ഈ.എൻ, മൈന ഉമൈബാൻ, മുനീർ എ. റഹ്‌മാൻ, സലാം കോളിക്കൽ എന്നിവർ കയ്യൊപ്പ് ചാർത്തി എഴുതിയിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ നിന്നായി 54 പ്രവാസി രചനകൾ ഖുബൂസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ബഹ്‌റൈൻ പ്രവാസിയായിരുന്ന ഷീല രമേശ് കണ്ണൂർ ആണ് പുസ്തകത്തിന്റെ കവർ ചിത്രം മനോഹരമാക്കിയത്. ഡോ: ജോൺ പനക്കലും ബഹ്‌റൈനിൽ നിന്നും ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.