ബഹ്‌റൈൻ : ആഗസ്റ്റ് 26, വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് 6 മണി വരെ സെഗയ
കെസിഎ ഹാളിൽ വച്ച് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വടകര കേന്ദ്രമായി ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചുവരുന്ന തണൽ അഗതി മന്ദിരങ്ങൾ, ഭിന്ന ശേഷിക്കാർക്കുള്ള വിദ്യാലയങ്ങൾ, തെരുവിലുള്ളവരുടെ പുനരധിവാസം, ഡയാലിസിസ് സെന്ററുകൾ, വൃദ്ധ സദനങ്ങൾ തുടങ്ങി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യം ആണ് ..കേരളം, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 61 ഡയാലിസിസ് കേന്ദ്രങ്ങളാണ് സൗജന്യമായോ, സൗജന്യ നിരക്കിലോ തണലിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നത്. ഏകദേശം അയ്യായിരത്തോളം പേർക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്.
ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും മറ്റും നാമറിയാതെ തന്നെ നമ്മെ ഒരു വൃക്ക രോഗിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഏറ്റവും പ്രയാസമുണ്ടക്കുന്ന കാര്യം എന്താണെന്നാൽ ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണ്ണമായും നിലച്ചാൽ മാത്രമേ തിരിച്ചു നടക്കാൻ പറ്റാത്തൊരു തുരുത്തിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് ഓരോ രോഗിയും മനസ്സിലാക്കൂ. പിന്നെ രണ്ടേ രണ്ടു മാർഗ്ഗം മാത്രമേ അവർക്ക് മുൻപിൽ ഉള്ളൂ. ഒന്നുകിൽ ജീവിതാവസാനം വരെ ഡയാലിസിസ് ചെയ്യുക, അല്ലെങ്കിൽ ചേരുന്നൊരു വൃക്ക മാറ്റി വെക്കുക.രണ്ടാമത്തെ പരിഹാരം ഒരു പാട് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ മിക്കവരും ഡയാലിസിസുമായി മുന്നോട്ട് പോകാറാണ് പതിവ്.ഇത്തരമൊരു അവസ്ഥയിൽ നിന്നും ഒരു പരിധിവരെ ആളുകളെ രക്ഷിക്കാനാണ് തണൽ ഇത് പോലുള്ള “വൃക്ക രോഗ നിർണ്ണയ ശിബിരങ്ങൾ” നാട്ടിലും വിദേശത്തുമായി നടത്തി വരുന്നത് . അതിന്റെ ഭാഗമായുള്ള ഒരു ക്യാമ്പ് ആണ് വെള്ളിയാഴ്ച്ച നടക്കുന്നത്.
അതിനാൽ ഈ ഒരു അവസ്ഥയുടെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാവരും ക്യാമ്പുമായി സഹകരിക്കണം എന്ന് അധികൃതർ അറിയിച്ചു .തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാഹീ,ഷിഫാ അൽ ജസീറ മെഡിക്കൽ ഡയറക്ടർ സൽമാൻ അലി ഗരീബ് ,ഷിഫാ അൽ ജസീറ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഷംനാദ് മജീദ് ,മാർക്കറ്റിംഗ് മാനേജർ മൂസ അഹമ്മദ് ,തണൽ വൈസ് പ്രസിഡന്റ് ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി ,നജീബ് കടലി ,ലത്തീഫ് കൊയിലാണ്ടി ,ഫൈസൽ പട്ടാണ്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.