മസ്കറ്റ് : ഒമാനിലെ ഒട്ടുമിക്ക കുട്ടികളും രോഗപ്രതിരോധശേഷി കൈവരിച്ചവരെന്ന് ആരോഗ്യ മന്ത്രാലയം. അഞ്ചു വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികളിൽ 97.2 ശതമാനം പേർക്കും നിർദേശിച്ച എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. ഇത് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 98 ശതമാനം കുട്ടികൾക്കും പോളിയോ അഞ്ചാംപനി കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 97.5 ശതമാനം കുട്ടികളും ക്ഷയരോഗം, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ എന്നിവയിൽനിന്ന് സുരക്ഷിതരാണ്. ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളതും 97.5 ശതമാനമാണ്. മീസിൽസ്, മംമ്സ്, റുബെല്ല എന്നിവക്ക് എതിരായ എം.എം.ആർ വാക്സിനേഷൻ 96.9 ശതമാനം കുട്ടികൾക്കും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ശിക്ഷ നൽകുന്നതിനും ഒമാനിൽ നിയമമുണ്ട് ഇതുകൊണ്ടുതന്നെ കൂടുതൽ മാതാപിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പെടുപ്പിക്കാൻ പ്രേരണായെന്നും വിലയിരുത്തുന്നു.സ്വദേശികളും വിദേശികളുമായ കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ രോഗപ്രതിരോധ കുത്തിവെപ്പ് സൗജന്യമായാണ് നൽകുന്നത്.