ഫ്രന്റ്‌സ് അംഗങ്ങൾക്ക് കിംസ് പ്രിവിലേജ് കാർഡ് പദ്ധതി

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ  അംഗങ്ങൾക്കും സഹകാരികൾക്കും കുടുംബാഗങ്ങൾക്കുമായി കിംസ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡ് പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. സിഞ്ചിലെ ഫ്രൻ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കിംസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനസ് ബഷീർ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാൽ ഇരിങ്ങലിന് ധാരണാപത്രം കൈമാറി. പ്രിവിലേജ് കാർഡ് ഉള്ളവർക്ക് കിംസ് ആശുപത്രി നൽകുന്ന ഡിസ്‌കൗണ്ടുകളെ കുറിച്ച് അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇഖ്ബാൽ വിശദീകരിച്ചു. ഫ്രന്റ്‌സ് വൈസ് പ്രസിഡന്റുമാരായ  സഈദ് റമദാൻ നദ്‌വി, സലിം ഇ.കെ, ആക്റ്റിങ് ജന. സെക്രട്ടറി അബ്ബാസ് മലയിൽ, യൂത്ത് ഇന്ത്യ പ്രസിഡൻറ് അനീസ് വി. കെ, ജനസേവന വിഭാഗം സെക്രട്ടറി അഹ്‌മദ്‌ റഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫ്രൻറ്സ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക രംഗത്തെ ഇടപെടലുകളും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമേകുന്ന പ്രവർത്തങ്ങളും ശ്‌ളാഘനീയമാണെന്ന് അനസ് ബഷീർ വ്യക്തമാക്കി. മിതമായ നിരക്കിൽ  മെച്ചപ്പെട്ട ചികിത്സ കിംസ് ഹോസ്പിറ്റലിന്റെ മുഴുവൻ ശാഖകളിലും പ്രിവിലേജ് കാർഡ് ഉപയോഗിച്ചു ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.