മനാമ: ആശങ്കയുടെ തീരത്തുനിന്നും ആശ്വാസതീരത്തേക്ക് പ്രവാസികളെയും വഹിച്ചുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മൂന്നാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗൾഫ് എയര്‍ വിമാനം ഇന്ത്യന്‍ സമയം രാത്രി 9.45 കോഴിക്കോട് ലാന്‍ഡ് ചെയ്തത്. 169 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ മുന്‍ഗണനാ ക്രമത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്.
നേരത്തെ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ രണ്ട് ചാര്‍ട്ടേഡ് വിമാന സര്‍വിസിലൂടെ 343 പേരെ നാട്ടിലെത്തിച്ചിരുന്നു. ജോലി നഷ്ടമായവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസിയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങി നിരവധി പ്രവാസികളാണ് ബഹ്‌റൈനിന്റെ വിവിധയിടങ്ങളില്‍ ദുരിതമനുഭവിക്കുന്നത്. ഇവരുടെ പ്രയാസങ്ങള്‍ മനസിലാക്കിയാണ് കുറച്ചു പേര്‍ക്കെങ്കിലും ആശ്വാസമേകാന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസുമായി രംഗത്തെത്തിയത്. മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സുഗമമായി നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബഹ്‌റൈന്‍ കെ.എം.സി.സി നേതാക്കള്‍.
സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ കെ.എം.സി.സി തയാറാണെന്നും കുറച്ചുപേരുടെ ആശങ്കള്‍ക്ക് പരിഹാരമേകി അവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
നാട്ടിലേക്ക് പോകുന്നവരെ യാത്ര അയക്കുന്നതിനായികെഎംസിസി സംസ്ഥാന സെക്രട്ടറി എ.പി ഫൈസല്‍, റിയ ട്രാവല്‍സ് ചെയര്‍മാന്‍ അഷ്‌റഫ് കക്കണ്ടി, സെയില്‍സ് മാനേജര്‍ സിറാജ് മഹമൂദ്, അഷ്‌കര്‍ വടകരയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ ടീം അംഗങ്ങള്‍ ജില്ലാ-ഏരിയ നേതാക്കള്‍ ന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.