ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈൻ : കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയും പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വവും ആയ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മതേതര കാഴ്ചപ്പാടിലും നിലപാടിലും ഉറച്ചു നിന്നുകൊണ്ട് ജനാധിപത്യ വഴിയിലൂടെ ജീവിതകാലം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. സാധാരണ പൗരന്മാരുടെ ജീവിത പ്രശ്നങ്ങൾ അടുത്ത് നിന്ന് കേട്ടുകൊണ്ട് അദ്ദേഹം പരിഹാരം കണ്ട ജനസംബർക്ക യാത്രകൾ കേരള ചരിത്രത്തിൽ ഇടം തേടി.

മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളിൽ അനുഭാവ പൂർണമായ സമീപനവും സാമുദായിക സൗഹാർദം നില നിർത്തുന്നതിൽ വിട്ടുവീഴ്ചയുടെ സമീപനവും സ്വീകരിച്ചു അദ്ദേഹം കേരളത്തിന്റെ മനം കവർന്നു.

ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വിശാല മനസ്കത സുവിഖ്യാതമാണ്.
മുസ്ലിം ലീഗ് പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ഹൃദയ ചേർച്ച കാത്തു സൂക്ഷിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
ബഹ്‌റൈനിൽ വന്നപ്പോളൊക്കെ കെഎംസിസി ഓഫിസ് സന്ദർശിക്കാനും പ്രവർത്തകരുമായി സൗഹൃദം പുതുക്കാനും അദ്ദേഹം എപ്പോഴും താല്പര്യം കാണിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന അദേഹത്തിന്റെ കുടുംബത്തിന്റെയും കൊണ്ഗ്രെസ്സ് പ്രവർത്തകരുടെയും കേരള ജനതയുടെയും ദുഖത്തിലും പ്രയാസത്തിലും ബഹ്‌റൈൻ കെഎംസിസി പങ്ക് ചേരുന്നതായി ആക്റ്റിംഗ് പ്രസിഡന്റ് കുട്ടൂസ മുൻണ്ടേരിയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.