കെഎംസിസി ബഹ്‌റൈൻ അൽഅമാന സാമൂഹിക സുരക്ഷാ ഫണ്ട്‌ 5 ലക്ഷം കൈമാറി

മനാമ: കെഎംസിസി ബഹ്‌റൈനിന്റെ പ്രവാസി സുരക്ഷാ പദ്ധതിയായ അൽഅമാന സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്നുള്ള ധനസഹായം കൈമാറി. അടുത്തിടെ ബഹ്‌റൈനിൽ മരണപ്പെട്ട വടകര കോട്ടപ്പള്ളി സ്വദേശിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തുക കുടുംബത്തിന് നൽകുന്നതിന് വേണ്ടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രെട്ടറി എ പി ഫൈസൽ

സിത്ര ഏരിയ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് മനാഫ് കരുനാഗപ്പള്ളിയെ ഏൽപ്പിച്ചു.
ചടങ്ങിൽ അൽഅമാന സാമൂഹിക സുരക്ഷ സ്കീം ജനറൽ കൺവീനർ മാസിൽ പട്ടാമ്പി, കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറിമാരായ ഒകെ ഖാസിം, റഫീഖ് തോട്ടക്കര ,അൽഅമാന മെമ്പർ റിയാസ് കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു.
അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപവരെയും പ്രതിമാസ പെന്‍ഷന്‍ പദ്ധതിയിലൂടെ മാസാന്തം നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്. കോവിഡ് കാലത്തു നാട്ടിൽ പ്രയസത്തിലായ നൂറുക്കണക്കിന് അൽ അമാന മെമ്പര്മാര്ക്ക് 5000രൂപ വീതം സഹായം നൽകിയിട്ടുണ്ട് പ്രവാസികളുടെ സമൂഹിക സുരക്ഷാ മുൻ നിർത്തിയാണ് കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അല്‍ അമാനയിലൂടെ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്‌റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 34599814 എന്ന നമ്പറിൽ ബന്ധപ്പെടുക.