മനാമ: പ്രവാസികളെ അകറ്റി നിർത്തിയ ബജാറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന ബജറ്റിലെ കാര്യങ്ങൾ നടപ്പാക്കുമെന്നാണ് ധന മന്ത്രി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ബജറ്റിലും ഇപ്രാവശ്യത്തെ ബജറ്റിലും പ്രവാസികൾക്ക് വേണ്ടി യാതൊരുവിധ ക്ഷേമ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കാലത്തിങ്കൽ എന്നിവർ പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാരണം 14 ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവന്നതെന്ന് മന്ത്രി പോലും സമ്മതിച്ച കാര്യമാണ്. ഇത്രത്തോളം വരുന്ന വലിയൊരു വിഭാഗം പ്രവാസികളെ പുനരധിവസിപ്പിക്കണമെങ്കിൽ പതിനായിരം കോടിയുടെ പാക്കേജ് എങ്കിലും വേണം. എന്നിരിക്കെ, വിവിധ ഫിനാൻസ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി 1,000 കോടിയുടെ വായ്പ സഹായം മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും ഇത് പ്രവാസ സമൂഹത്തെ കൂടുതൽ കടക്കെണിയിലേക്ക് എത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. വിവിധ ഫിനാൻസ് സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് വായ്പ സൗകര്യം ഒരുക്കുന്നതിന് പകരം സംസ്ഥാനത്തിന് കീഴിൽ നേരിട്ടുള്ള സബ്സിഡി ധനസഹായ പാക്കേജുകളായിരുന്നു വേണ്ടത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുമ്പോൾ വലിയ പലിശ ബാധ്യതയാണ് പ്രവാസികൾക്കുമേൽ ഉണ്ടാവുക. ഇത്തരത്തിൽ കൂടുതൽ ദുരിതത്തിലേക്ക് തള്ളിനീക്കുന്ന പദ്ധതികളല്ല പ്രവാസസമൂഹം സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസി അനുകൂല നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും നേതാക്കൾ പറഞ്ഞു.