അഭിമാന നിമിഷത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി: 169 യാത്രക്കാരുമായുള്ള ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ട് ലാൻഡ് ചെയ്തു ..

മനാമ: കൊവിഡ് കാലത്ത് ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ സമശ്വാസമാകുന്ന കെ.എം.സി.സി ചരിത്ര നേട്ടത്തില്‍. 169 യാത്രക്കാരുമായുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ പ്രഥമ ചാര്‍ട്ടേഡ് വിമാനം ഇന്ത്യൻ സമയം രാത്രി 9.45 നു കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു . ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് ഉച്ചക്ക് 2.45 നു ആണ് വിമാനം പറന്നുയർന്നത് . ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസാ കാലവധി കഴിഞ്ഞവര്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍, മറ്റ് രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്.
വന്ദേഭാരത് മിഷന്‍ വഴി നാട്ടിലേക്ക് വിമാന സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഏതാനും പേര്‍ക്ക് മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. വലിയൊരു വിഭാഗം പ്രവാസികളും നാട്ടിലേക്ക് പോവാനാവാതെ ദുരിതമനുഭവിക്കുന്നത് മനസിലാക്കിയാണ് ബഹ്‌റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് ആരംഭിച്ചത്. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വിമാന സര്‍വിസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അഭിമാനമേറിയ നിമിഷമാണിത്. കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ ബഹ്‌റൈനിലുണ്ട്. ഇവര്‍ക്ക് പരമാവധി കെത്താങ്ങാവാനാണ് കെ.എം.സി.സി ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇവര്‍ക്ക് പുറമെ വൈസ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ കെ.പി, സെക്രട്ടറി എ.പി ഫൈസല്‍, ജില്ലാ ഏരിയ നേതാക്കള്‍, വളണ്ടിയര്‍മാര്‍ എന്നിവരും നാട്ടിലേക്ക് തിരിക്കുന്നവരെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.