ബഹ്‌റൈൻ പ്രവാസികളുടെ ആശ്രയ കേന്ദ്രമായി കെ.എം.സി.സി കോവിഡ് 19 ഹെല്‍പ് ഡെസ്‌ക്ക്

മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസമേകി ബഹ്‌റൈന്‍ കെ.എം.സി.സി ഹെല്‍പ് ഡെസ്‌ക്ക്. പ്രവാസികളുടെ സുരക്ഷയ്ക്കും കരുതലിനുമായി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.സി.സി മനാമ ആസ്ഥാനത്ത് ആരംഭിച്ച ഹെല്‍പ് ഡെസ്‌കിലേക്ക് ദിനവും നിരവധി അന്വേഷങ്ങൾ ആണ് എത്തുന്നത് .
കൊവിഡ് അസുഖബാധിതര്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മാനസിക പിന്തുണ നല്‍കുക, അവർക്കു ആവശ്യം ആയ മാർഗ നിർദേശങ്ങൾ നൽകുക, വിസിറ്റിങ് വിസയിലെത്തി ബഹ്‌റൈനില്‍ കുടുങ്ങിയവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും, കച്ചവടം ഇല്ലാതെ പ്രയാസത്തിലായി ബുദ്ധിമുട്ടുന്നവർ, പ്രയാസപ്പെടുന്ന കുടുംബങ്ങൾ എന്നിവർക്കും ഭക്ഷണകിറ്റ് നല്‍കുക, കൂടാതെ റംസാൻ ഫുഡ്‌ കിറ്റുകൾ വിതരണം നടത്തുക, ഇഫ്താറിന് ആവശ്യമായ വിഭവങ്ങൾ നൽകുക, തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കിലൂടെ നടക്കുന്നത്. ഭക്ഷ്യക്കിറ്റിനുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് കൃത്യമായി അര്‍ഹരിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി യിലെ നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വളണ്ടിയർ വിങ്ങാണ് കിറ്റ് വിതരണം ചെയ്യുന്നത്. ജിദാലയില്‍ 15 ഫാമിലിയും 20 തൊഴിലാളികളും പ്രയാസമനുഭവിക്കുന്നതറിഞ്ഞപ്പോള്‍ തന്നെ ജിദാലി കെ.എം.സി.സിയുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കിന് സാധിച്ചു. ലോക് ടൗണിൽ കുടുങ്ങിയ നിരവധി പേർക്ക് അടിയന്തിര സഹായമായി വെള്ളവും ഭക്ഷണങ്ങളും വിതരണം ചെയ്തു.
കൂടാതെ മറ്റ് രോഗം ബാധിച്ച് ദുരിതത്തിലായവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനും അവര്‍ക്ക് ആവശ്യമായ മരുന്നുകളെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും *കെഎംസിസി മെഡി ചെയിൻ വഴി നടന്നുവരുന്നുണ്ട്.
സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലെത്തിക്കാനും അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടികളും ഹെല്‍പ് ഡെസ്‌ക്കിലൂടെ നല്‍കുന്നുണ്ട്.