‘കാരുണ്യ സ്പർശമായ്’ ബഹ്റൈൻ കെഎംസിസി; കോവിഡ് ദുരിതകാലത്ത് ആശ്വാസമേകിയത് ആയിരങ്ങൾക്ക്

മനാമ : ലോകത്തിലെ ഇരുന്നൂറിലധികം രാജ്യങ്ങളെ മുള്‍മുനയിലാക്കി കൊവിഡ് വ്യാപിക്കുമ്പോള്‍ സേവന-പ്രതിരോധ രംഗത്ത് ശ്രദ്ധേയമാവുകയാണ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി). മലയാളി പ്രതിനിധ്യമുള്ള രാജ്യങ്ങളില്‍ കാരുണ്യ രംഗത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ലാഭേച്ഛ കൂടാതെ ജനനന്മ മാത്രം ലക്ഷ്യവച്ച് മുന്നോട്ടുപോകുന്ന ഈ സംഘടന, ഈ കൊവിഡ് കാലത്ത് ബഹ്‌റൈനില്‍ നടത്തിവരുന്ന പദ്ധതികള്‍ ഏറെ പ്രശംസനീയമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ കീഴിലുള്ള കെ.എം.സി.സി ബഹ്‌റൈന്‍ ഘടകം 44 വര്‍ഷത്തിലധികമായി സേവനരംഗത്ത് നിറസാന്നിധ്യമാണ്. ഈ പ്രവര്‍ത്തന മികവ് കൊണ്ടു തന്നെയാണ് സ്വന്തം രാജ്യത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവാസികള്‍ക്ക് കരുതലാകാന്‍ കെ.എം.സി.സിക്ക് സാധിച്ചത്.
ബഹ്‌റൈനില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ കെ.എം.സി.സി പ്രതിരോധ-സേവന രംഗത്ത് സജീവമായിരുന്നു. പ്രവാസികളെ കൊവിഡ് ബാധയില്‍നിന്ന് അകറ്റുക എന്നതോടൊപ്പം ജോലി നഷ്ടപ്പെട്ടും മറ്റ് കാരണങ്ങള്‍ കൊണ്ടും ബഹ്‌റൈനില്‍ കുടുങ്ങിയവര്‍ക്ക് സംരക്ഷണമേകുക എന്ന ലക്ഷ്യവും കെ.എം.സി.സിക്കുണ്ടായിരുന്നു. അതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതോടൊപ്പം സേവന മേഖലയില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനും കെ.എം.സി.സിക്ക് കഴിഞ്ഞു. ഇതിനായി വിവിധ പദ്ധതികളാണ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്.


മാസ്‌ക് വിതരണവും ബോധവല്‍ക്കരണവും

പ്രവാസികളില്‍ ഏറിയ പങ്കും ലേബര്‍ ക്യാംപുകളിലും മറ്റ് മുറികളിലും കൂട്ടമായി താമസിക്കുന്നതിനാല്‍ തന്നെ, കൊവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ ഇവരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി പ്രവര്‍ത്തിച്ചത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും കൊവിഡ് മഹാമാരിയെ കുറിച്ച് ബോധവാന്‍മാരാക്കാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. സാമൂഹ്യഅകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എങ്ങനെയൊക്കെ കൊവിഡ് പടരുമെന്നത് സംബന്ധിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുമാണ് ആദ്യഘട്ട ബോധവല്‍ക്കരണം നടത്തിയത്. ആദ്യമായി അനുഭവിക്കുന്ന പ്രത്യേക സാഹചര്യം എന്ന നിലയില്‍ വേണ്ടത്ര അറിവും കാര്യബോധവും ഇല്ലാത്തവര്‍ക്കിടയില്‍ കെ.എം.സി.സിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വലിയ അവബോധം ഉണ്ടാക്കി. കൂടാതെ ഇവര്‍ക്ക ആവശ്യമായ മാസ്‌ക്കുകള്‍ സൗജന്യമായി എത്തിക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മാസ്‌കുകള്‍ വിതരണം ചെയ്തപ്പോള്‍ പ്രതിസന്ധിഘട്ടത്തില്‍ തങ്ങള്‍ ഒറ്റക്കല്ലെന്ന തോന്നല്‍ പ്രവാസികള്‍ക്കിടയി രൂപപ്പെട്ടു.

ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ സജീവമാക്കി
കൊവിഡ് വ്യാപനം തടയുന്നതിനായി കേരളത്തില്‍ നടത്തിയ ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ഏറെ സഹായകമായി. ഇതിനോടനുബന്ധിച്ച് ബഹ്‌റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ് സൗകര്യവും സാനിറ്റൈസര്‍ സൗകര്യവും കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ ഈ കാംപയിന്‍ വിജയിപ്പിക്കാനുള്ള നിര്‍ദേശങ്ങളും മാര്‍ഗങ്ങളും നല്‍കുകയും ചെയ്തു.

ആശ്വാസവാക്കായി ഹെല്‍പ്പ് ഡെസ്‌ക്ക്

ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങളൊരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ബഹ്‌റൈനില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വിളിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങളെത്തിച്ച് സംരക്ഷണമാവുകയാണ് ഈ കൂട്ടായ്മ. അതിനാല്‍ തന്നെ മനാമയില്‍ ബഹ്‌റൈന്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് നൂറുകണക്കിന് ഫോണ്‍വിളികളാണ് ദിനവുമെത്തുന്നത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെയും നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്നു. 24 മണിക്കൂറും സജീവമായ ഹെല്‍പ്പ് ഡെസ്‌ക്കിന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് നേതൃത്വം നല്‍കുന്നതും.


വിഷപ്പകറ്റാന്‍ കാരുണ്യ സ്പര്‍ശം

കൊവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ കെ.എം.സി.സി നടത്തുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ മൂവായിരം ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിനായി കെ.എം.സി.സി 20 ജില്ല-ഏരിയ കമ്മിറ്റികളുടെ കീഴില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാരാണ് പ്രവര്‍ത്തിച്ചുവരുന്നത്.
രോഗാവസ്ഥയുടെ പടര്‍ച്ച തടയാനുള്ള ഏകമാര്‍ഗം എന്ന നിലയില്‍ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായതോടെ തങ്ങളുടെ ഭക്ഷണത്തെ കുറിച്ചുള്ള ഭീതി പ്രവാസികളെ വല്ലാതെ ആശങ്കയില്‍ എത്തിച്ചിരുന്നു. ഈ നിര്‍ണായക ഘട്ടത്തിലാണ് സമാശ്വാസത്തിന്റെ സാമീപ്യമായി ബഹ്‌റൈനില്‍ കെ.എം.സി.സി സജീവ സാന്നിധ്യമായി മാറിയത്. ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല ഏരിയ കെ.എം.സി.സികൾ ഏറ്റെടുത്തത്.
ഹെല്‍പ്പ് ഡെസ്‌ക്കില്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം അര്‍ഹരാണെന്ന് കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ മൂവായിരത്തിലധികം ഭക്ഷ്യക്കിറ്റുകള്‍ വഴി പതിനയ്യായിരത്തോളം പേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്.

ആരോഗ്യത്തോടെ മെഡി ചെയിന്‍

കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് സാന്ത്വനമാവുകയാണ് ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുയകയ്ക്ക് മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍, ജോലിയില്ലാത്തവര്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കും താമസിക്കുന്ന ബില്‍ഡിങ് ക്വാറൈന്റിനിലായി പുറത്തുപോകാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി ഏറെ ആശ്വാസമാവുകയാണ്.

ജീവസ്പര്‍ശം സജീവമാക്കി

11 വര്‍ഷത്തിലധികമായി ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പര്‍ശം കൊവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവര്‍ത്തനം. സല്‍മാനിയ ഹോസ്പിറ്റലില്‍ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ഈ പ്രത്യേക സാഹചര്യത്തിലും രക്തം ദാനം ചെയ്തു മാതൃക കാണിച്ചു. ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കൊവിഡ് ബാധിതര്‍ക്ക് കരുതല്‍

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നല്‍കാനും കെ.എം.സി.സിയുടെ കീഴില്‍ പ്രത്യേകവിങ് തന്നെ പ്രവര്‍ത്തിക്കുന്നു. രോഗ ബാധിതര്‍ക്ക് വസ്ത്രങ്ങള്‍, മറ്റ് സാധനസാമഗ്രികകള്‍ തുടങ്ങിയവ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നതോടൊപ്പം മാനസിക കരുത്ത് പകര്‍ന്ന് കരുതലാവുകയാണ് കെ.എം.സി.സി. ഇതിനായി കൗണ്‍സിലിങ് വിങ്ങും പ്രവര്‍ത്തിച്ചുവരുന്നു. കൊവിഡ് ബാധിച്ചവര്‍, ആശ്രിതര്‍, കൂടെ താമസിക്കുന്നവര്‍, മാനസിക സമ്മര്‍ദ്ദമോ ഏകാന്തതയോ പിടിപെട്ടവര്‍ ഇവര്‍ക്കെല്ലാം ആത്മവിശ്വാസം പകരാനും മാര്‍ഗനിര്‍ദേശം പകരാനും ഇതിലൂടെ സാധിക്കുന്നു.

ആശ്വാസമായി ഇഫ്താര്‍ കിറ്റുകള്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാത്തായപ്പോള്‍ ഓരോരുത്തര്‍ക്കും കിറ്റുകളെത്തിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി
കാരുണ്യത്തിന്റെ ഇഫ്താറൊരുക്കുന്നു. ദിനവും 4 ആയിരത്തിലധികം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകളെത്തിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 20 ഏരിയ-ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കിറ്റുകളെത്തിച്ചു നല്‍കുന്നത്. നിലവില്‍ 4 ആയി ത്തിലധികം ഇഫ്താര്‍ കിറ്റുകളിലൂടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഇഫ്താറൊരുക്കി വരുന്നത്. ലോകം കടുത്ത പ്രയാസത്തിലൂടെയാണ് നീങ്ങുന്നതെങ്കിലും ആരും തന്നെ നോമ്പുകാലത്ത് വിഷമിക്കരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സൗജന്യ കുടിവെള്ള വിതരണം

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാത്തവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുന്‍പന്തിയിലുണ്ട്. കുടിവെള്ളം ആവശ്യമായ ഏതുസമയത്തും ശുദ്ധജലമെത്തിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ വിളിപ്പുറത്തുണ്ടാകും.

കരുത്തേകാന്‍ 500 അംഗ വളണ്ടിയര്‍ വിങ്

പ്രതികൂല സാഹചര്യത്തിലും പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളെത്തിക്കാനും സഹായങ്ങളെത്തിച്ചു നല്‍കാനും കെ.എം.സി.സിയുടെ വളണ്ടിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് 20 കമ്മിറ്റികളിലായി 500 അംഗ വളണ്ടിയര്‍ വിങ് മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ഭക്ഷ്യക്കിറ്റുകള്‍, ഇഫ്താര്‍ കിറ്റുകൾ എന്നിവ അര്‍ഹരിലേക്കെകത്തിക്കുക, മരുന്നുകളെത്തിക്കുക, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഈ വളണ്ടിയര്‍മാരാണ്‌

“കാരുണ്യ യാത്ര” പദ്ധതി

കോവിഡ് 19 : സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗർഭിണികൾ ഉൾപ്പടെ രോഗികൾക്കും ജോലി നഷ്ടപ്പെട്ടവർ ക്കും മറ്റു അർഹരായ പ്രവാസികൾക്ക് കെഎംസിസി ബഹ്‌റൈൻ “കാരുണ്യ യാത്ര” പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകുന്നു. ..

കുട്ടികളെ ആനന്ദകരമാക്കാന്‍ വരയും വര്‍ണവും
പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം ലോക്ക് സൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികളെ കൊവിഡ് ഭീതിയകറ്റി ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം (വരയും വര്‍ണവും) ശ്രദ്ധേയമായിരുന്നു. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തില്‍ ബഹ്‌റൈനില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ കമ്മിറ്റി നിശ്ചയിച്ച വിധി കര്‍ത്താക്കളുടെ നിര്‍ണയത്തിലൂടെയാണ് കണ്ടെത്തിയത്. കൂടാതെ ഫേസ്ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു…

പ്രവർത്തങ്ങൾക്ക് മാറ്റ് കൂട്ടാൻ മീഡിയ & പബ്ലിസിറ്റി വിംഗ്

ബഹ്‌റൈൻ കെ എം സി സി യുടെ മുഴുവൻ പ്രവർത്തനങ്ങളെയും എക്കാലത്തും വേറിട്ട രീതിയിൽ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പൊതു സമൂഹത്തിൽ എത്തിക്കുന്നതിൽ മികവു പുലർത്തുന്ന പ്രവർത്തനമാണ് മീഡിയ & പബ്ലിസിറ്റി ടീം കാഴ്ച്ച വെച്ചിട്ടുള്ളത് . ഈ കോവിഡ് കാലത്തും ചിട്ടയും കൃത്യതയുമാർന്ന പ്രവർത്തനങ്ങളിലൂടെ നൂതനമായ രീതിയിലുള്ള അവതരണവും റിപ്പോർട്ടിങ്ങും കൊണ്ട് ശ്രദ്ധേയമാവുകയാണ് കെ എം സി സി ബഹ്‌റൈൻ മീഡിയ & പബ്ലിസിറ്റി വിംഗ് .