ശ്രദ്ധേയമായി ബഹ്‌റൈന്‍ കെ.എം.സി.സി മോട്ടിവേഷണല്‍ ക്ലാസ്

gpdesk.bh@gmail.com

“പ്രതിസന്ധികളെ മറികടക്കാന്‍ വേണ്ടത് ശുഭാപ്തി വിശ്വാസം: റാഷിദ് ഗസ്സാലി”

മനാമ: കൊവിഡ് സേവന-പ്രതിരോധ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കൊറോണക്കാലവും അതിജീവനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച റാഷിദ് ഗസ്സാലിയുടെ ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ ക്ലാസ് ശ്രദ്ധേയമായി. ബഹ്‌റൈനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് മാനസിക കരുത്തേകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 600 ഓളം സംസ്ഥാന കൗണ്‍സിലര്‍മാര്‍ക്കായാണ് ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചത്.
പ്രതിസന്ധി ഘട്ടങ്ങളെയും വിഷമതകളെയും മറികടക്കാന്‍ നമുക്ക് വേണ്ടത് ശുഭാപ്തി വിശ്വാസമാണെന്നും ശുഭപ്രതീക്ഷകളാണ് കൊറേണക്കാലത്തെ അതിജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധത്തോടെ ജീവിതയാത്ര നടത്തുന്നവര്‍ക്കേ വിജയം സുനിശ്ചിമാവുകയുള്ളൂ. കൃത്യമായ ലക്ഷ്യവും നമുക്ക് അനുയോജ്യമായ മേഖലയും കണ്ടെത്തിയായിരിക്കണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ വര്‍ഷം പ്രവാസലോകത്ത് ജീവിക്കുന്നതിന് പകരം ഓരോരുത്തരും അവരുടെ മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയ കാലത്തിനുള്ള ജീവിത ലക്ഷ്യം നേടാന്‍ കഴിയും. ഓരോരുത്തര്‍ക്കും അവരുടെ മേഖലകളെ കുറിച്ചും തന്റെ കഴിവുകളെ കുറിച്ചും ബോധ്യമുണ്ടായിരിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് തന്റെ പ്രവേഗം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത്. തന്റെ സമ്പാദ്യത്തെ കുറിച്ചും ചെലവിനെ കുറിച്ചും വ്യക്തമായ ബജറ്റ് ഓരോരുത്തരും തയ്യാറാക്കണം.
പ്രതിസന്ധി കാലങ്ങളില്‍ വരുമാനം കുറയുമ്പോള്‍ ചെലവ് സമാന രീതിയില്‍ ചുരുക്കാന്‍ പ്രവാസികള്‍ പഠിക്കണം. അനാവശ്യമായ ധൂര്‍ത്തുകളും ചെലവുകളും ആഡംബരങ്ങളും പ്രവാസികള്‍ ഒഴിവാക്കേണ്ടതുണ്ട്. കൊറോണക്കാലത്ത് ആഗോളതലത്തില്‍ തന്നെ 40-65 ശതമാനം വരെ ചെലവുകള്‍ ചുരുക്കിയാണ് ഓരോരുത്തരും ജീവിക്കുന്നത്. എന്നാല്‍ നേരത്തെ നമുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്ന ഈ ചെലവ് ചുരുക്കല്‍ നാം മനസ്സിലാക്കാന്‍ ഈ കൊവിഡ് കാലം വേണ്ടി വന്നു.
അതുപോലെ തന്നെ നമ്മുടെ ജീവിത വഴിയില്‍ അച്ചടക്കവും ശുചിത്വവും നമുക്ക് പാലിക്കാന്‍ സാധിക്കണം. ഈ കൊറോണക്കാലവും നമ്മെ പഠിപ്പിക്കുന്നത് ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ്. ശുചിത്വമുണ്ടെങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യത്തെ സൂക്ഷിക്കാന്‍ സാധിക്കൂകയുള്ളൂ. എത്ര തിരക്കുകളുണ്ടെങ്കിലും വ്യായാമവും ശുചിത്വവും നമ്മുടെ കൂടെ കൂട്ടണം. ദിനവും അരമണിക്കൂര്‍ നേരമെങ്കിലും ശാരീരിക വ്യായാമത്തിന് നാം സമയം കണ്ടെത്തണം. എല്ലാതലത്തിലും ജീവിതത്തിന് ഒരു അച്ചടക്കം വരുത്താന്‍ നമുക്ക് സാധിക്കണമെന്നും ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.