കെ.എം.സി.സി വഴിയൊരുക്കി; ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് നാട്ടിലെത്തി

മനാമ: ജോലിക്കിടെ തളര്‍ന്നുവീണ് ബഹ്‌റൈനില്‍ ദുരിതത്തിലായ കണ്ണൂര്‍ സ്വദേശിക്ക് നാട്ടിലേക്ക് വഴിയൊരുക്കി കെ.എം.സി.സി ബഹ്‌റൈന്‍. കണ്ണൂര്‍ ആനയിടുക്ക് സ്വദേശി ഇക്ബാലിനാണ് കെ.എം.സി.സിയുടെ ഇടപെടലില്‍ നാട്ടിലെത്താനുള്ള യാത്ര സാധ്യമായത്. ബഹ്‌റൈന്‍ അദ്‌ലിയയില്‍ കഫ്റ്റീരിയയില്‍ ജോലി ചെയ്യുന്നതിനിടെ തളര്‍ന്നുപോയ ഇദ്ദേഹം കിംഗ് ഹമദ് ഹോസ്പിറ്റലിലും പിന്നീട് സല്‍മാനിയ ആശുപത്രിയിലും ചിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹത്തെ കണ്ണൂരിലെത്തിച്ചത്.
കെ.എം.സി.സി കണ്ണൂര്‍ ജില്ല സെക്രട്ടറി സിദ്ദീഖ് അദ്‌ലിയയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ അനുദിനം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും സംസ്ഥാന വൈസ് പ്രെസിഡന്റും എംബസി ഹെല്പ് വിങ് ചെയര്മാനും ആയ ഷാഫി പാറക്കട്ട കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയും ഹെൽത് വിങ് ചെയർമാനുമായ ഒ.കെ ഖാസിം, എന്നിവരുടെ ഇടപെടലില്‍ അബ്ദുല്‍ റഹ്മാന്‍ മാട്ടൂൽ മുഖേന സൗജന്യ ടിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇദ്ദേഹത്തിന് നാട്ടിലേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എ.പി ഫൈസല്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്കുള്ള ആംബുലന്‍സും ഏര്‍പ്പാട് ചെയ്തിരുന്നു. അനുബന്ധ പ്രവര്‍ത്തനങ്ങക്ക് അഷ്‌റഫ് മഞ്ചേശ്വരം, അഷ്‌റഫ് കാക്കണ്ടി, ലത്തീഫ് ചെറുകുന്ന് എന്നിവരും കൂടെയുണ്ടായിരുന്നു.