സലാല കെഎംസിസി 10 പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകി.

സലാല: കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടു പ്രയാസത്തിലായ 10 പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ സലാല കെഎംസിസി വിമാന ടിക്കറ്റ് സൗജന്യമായി നൽകി. വന്ദേ ഭാരത്‌ പദ്ധതിയിലൂടെ ഇതിനകം കേരളത്തിലേക്ക് പുറപ്പെട്ട 10 വിമാന യാത്രക്കാർക്കാണ് കെഎംസിസി സൗജന്യ ടിക്കറ്റ് നൽികിയത്. നാല് വിമാനങ്ങളാണ് സലാലയിൽ നിന്നും നാട്ടിലേക്ക് സർവീസ് നടത്തിയത്. മെയ് 20ന് കോഴിക്കോട്ടേക്കും മെയ് 28, 31,ജൂൺ 1 തീയതികളിൽ കണ്ണൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രെസ് സർവീസ് നടത്തി. 710 യാത്രക്കാരാണ് പദ്ധതിയിലൂടെ നാടണഞ്ഞത്. കോവിഡ് പ്രതിസന്ധിയുടെ കെടുതികൾക്ക് പുറമെ പൊടുന്നനെയുണ്ടായ കനത്ത പേമാരിയിലും വെള്ളക്കെട്ടിലും മലയാളികൾക്ക് കനത്ത നാശനഷ്ട്ടങ്ങളാണ് വരുത്തി വെച്ചത്. ഇനി എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിയാൽ മതി എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടത്ര യാത്രാ സൗകര്യം ലഭിക്കുന്നില്ല. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സലാലയിലെ പ്രവാസികൾക്ക് വേണ്ടി ഒരു വിമാനം മാത്രമാണ് അനുവദിച്ചത്. ആയിരകണക്കിന് പേർ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിപ്പാണ്. സലാല കെഎംസിസി വിമാനം ചാർട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. വന്ദേ ഭാരത് പദ്ധതിയിൽ സലാലക്ക് കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വീണ്ടും കത്തയച്ചിട്ടുണ്ട്. മസ്കറ്റിൽ നിന്നും കേരളത്തിലേക്ക് ജൂൺ മാസത്തിൽ 17 വിമാനങ്ങൾ അനുവദിച്ചപ്പോൾ സലാലക്ക് ഒരു വിമാനം മാത്രമാക്കിയത് നീതിയല്ലെന്ന് സലാല കെഎംസിസി നേതാക്കൾ കുറ്റപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് എംബസി അധികൃതരെ കാണാനും കെഎംസിസി തീരുമാനിച്ചിട്ടുണ്ട്.