നീറ്റ് പരീക്ഷാകേന്ദ്രം ബഹ്‌റൈനിലും അനുവദിക്കണമെന്ന് കെഎംസിസി

gpdesk.bh@gmail.com

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്‌റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്. നിലവില്‍, ബഹ്‌റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തപക്ഷം ഇത്തരത്തിലുള്ള നിരവധി കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അതിനാല്‍ യാത്രാപരിമിതിയുടെ ഇക്കാലത്ത് എല്ലായിടങ്ങളിലും പരീക്ഷാകേന്ദ്രം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവര്‍ പറഞ്ഞു.

വര്‍ഷങ്ങളോളമുള്ള പരിശീലനവും തയാറെടുപ്പും നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അതിനാല്‍തന്നെ പരീക്ഷാകേന്ദ്രങ്ങളുടെ അഭാവം കാരണം കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്. നിലവിൽ യു എ ഇയിലും കുവൈത്തിലും നീറ്റിന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. സമാനമായി ബഹ്‌റൈനിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നതിന് തടസങ്ങളൊന്നും തന്നെയില്ല. ഈ സാഹചര്യം മനസിലാക്കി വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ബഹ്‌റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കണം.

ഇക്കാര്യങ്ങള്‍ ഭരണകൂടത്തിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ കെഎംസിസി നടത്തുമെന്നും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്കയറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.