ബഹ്‌റൈൻ : ഈ കോവിഡ് കാലത്ത് പുതിയ വർഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകി മാതൃകയായി. കോട്ടയം പ്രവാസി ഫോറം ഇതിനോടകം തന്നെ വിവിധ സ്കൂളുകളിലെ 350ൽ പരം പുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തിക്കഴിഞ്ഞു. കഴിഞ്ഞകാലങ്ങളിൽ ബഹറിനിലെ വിവിധ സംഘടനകൾ പുസ്തക വിതരണം നടത്തിയിരുന്നു എന്നാൽ കോവിഡ് കാരണം
ഒരു സംഘടനയും മുൻപൊട്ടു വരാത്ത സാഹചര്യത്തിലാണ് കോട്ടയം പ്രവാസി ഫോറത്തിന് ഈ ഉദ്യമം ഏറ്റെടുക്കേണ്ടിവന്നത് എന്ന് പ്രസിഡണ്ട് ശ്രീ സോണിസ് ഫിലിപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് ശ്രീ ക്രിസ്റ്റോ രാമപുരം, ശ്രീ സിബി നെടുംകുന്നം എന്നിവർ നേതൃത്വം നൽകി. കീശ ചോരാതെ പുതിയ വർഷത്തിലേക്കുള്ള പുസ്തകങ്ങൾ കിട്ടിയ സന്തോഷത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ഇതുമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു എന്ന് കോട്ടയം പ്രവാസി ഫോറത്തിന്റെ സെക്രട്ടറി ശ്രീ സിജു പറഞ്ഞു.